പ്രളയം: ബിഹാറിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സന്നദ്ധമെന്ന് കേരളം

Published : Sep 29, 2019, 03:23 PM ISTUpdated : Sep 29, 2019, 03:40 PM IST
പ്രളയം: ബിഹാറിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സന്നദ്ധമെന്ന് കേരളം

Synopsis

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും യുപിയിലെയും ബിഹാറിലെയും  അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ നോർക്ക വകുപ്പിനോട്  മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ സന്നദ്ധമാണെന്ന് കേരളം ബിഹാർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ബിഹാർ സർക്കാരിനെ അറിയിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാർ ചീഫ് സെക്രട്ടറി ദീപക് കുമാറുമായും ബന്ധപ്പെട്ടിരുന്നു. പ്രളയത്തിൽപ്പെട്ട മലയാളികൾക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബീഹാർ ചീഫ് സെക്രട്ടറി ഉറപ്പുനൽകി. 

ശക്തമായ മഴ കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.  റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി എഴുപത്തി മൂന്ന് പേർ മരണപ്പെട്ടു. മലയാളികൾക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാറിന് ലഭിച്ച വിവരം. 

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ ദുരന്ത നിവാരണ സേനയും മറ്റ് ഏജൻസികളും ശ്രമിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും യുപിയിലെയും ബിഹാറിലെയും  അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ നോർക്ക വകുപ്പിനോട്  മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതേസമയം, നളന്ദ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ വെള്ളം നിറഞ്ഞതിനാൽ ദുരിതത്തിൽ ആയിരിക്കുകയാണ് രോ​ഗികൾ. പട്ന എയിംസ് ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി 32 ബോട്ടുകൾ നഗരത്തിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രയാഗ്രാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്. നാളെ കൂടി മഴ തുടരുമെന്ന് കലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

Read More: ബിഹാറിൽ പ്രളയത്തിൽ മുങ്ങി ആശുപത്രികൾ; ദുരിതത്തിൽ ​രോ​ഗികൾ, മരണം 73 ആയി

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും