പട്ന: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 73 ആയി. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രളയം ബാധിച്ചിരിക്കുന്നത്. ബിഹാറിന്റെ തലസ്ഥാനമായ പട്ന നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതാണ് പാട്നയിലെ പ്രളയക്കെടുതി രൂക്ഷമാകാൻ ഇടയാക്കിയത്. സംസ്ഥാനത്തെ 14 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളെ രക്ഷാ പ്രവർത്തനങ്ങൾക്കായി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട നളന്ദ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ വെള്ളം നിറഞ്ഞതിനാൽ ദുരിതത്തിലായിരിക്കുയാണ് രോ​ഗികൾ. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. നളന്ദ ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ മാറ്റി.

ആളുകളെ രക്ഷപ്പെടുത്തുന്നതിനായി 32 ബോട്ടുകൾ നഗരത്തിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് താമസിച്ച് ഓടുകയുമാണ്. രണ്ട് ദിവസമായി വൈദ്യുതി വിതരണം ഇല്ലെന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള താമസക്കാർ പരാതിപ്പെടുന്നു. വെള്ളം കയറിയതിൽ സ്കൂളുകളും അടച്ചു.

അതേസമയം, സംസ്ഥാനത്ത് രക്ഷപ്രവർ‍ത്തനം ഊർജ്ജിതമല്ലെന്ന് പരാതിയുണ്ട്. ഉത്തർപ്രദേശിൽ പ്രയാഗാരാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്. നാളെ കൂടി മഴതുടരുമെന്ന് കലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ പ്രതിനിധി എ സമ്പത്ത് ബീഹാർ സർക്കാരുമായി ആശയവിനിമയം നടത്തി. 

Read More: കനത്ത മഴയിൽ വലഞ്ഞ് ബിഹാർ, മലയാളികൾ കുടുങ്ങി, ഇടപെട്ട് സംസ്ഥാനസർക്കാർ