
ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.
ഗവർണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Also Read: കേരളീയം.. ഇത് ഇത്തിരി കൂടിപ്പോയി, എന്റെ ഒരു ചിത്രം പോലുമില്ല; പരിഭവം പറഞ്ഞ് ബാലചന്ദ്ര മേനോൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam