
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്‍റെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതേ മാതൃകയാണ് ഇപ്പോള്‍ കേരളവും സ്വീകരിച്ചിരിക്കുന്നത്. 2021-ലാണ് അടുത്ത സെന്‍സസ് നടക്കേണ്ടത്. ഇതിലേക്കുള്ള നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല
പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്‍റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam