
തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. നിലവില്‍ 1300 രൂപയായിരുന്നത് സർക്കാരിന്റെ നൂറു ദിന കർമപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി 100 രൂപ കൂടി വര്‍ധിപ്പിക്കുകയായിരുന്നു.
ക്ഷേമ പെന്‍ഷനുകള്‍ ഇനി എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ - ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam