കേരളത്തിന് പുറത്തും 'പോപ്പുലര്‍' തട്ടിപ്പ്; ബെംഗളൂരുവിൽ 200 കോടി രൂപയോളം നഷ്ടമായതായി പരാതി

By Web TeamFirst Published Sep 8, 2020, 11:37 AM IST
Highlights

നഗരത്തിൽ 21 ബ്രാഞ്ചുകളിലായി മലയാളികൾ ഉൾപ്പടെ നൂറുകണക്കിന് പേർ പരാതിയുമായി കമ്മീഷണറെ സമീപിച്ചു. 31 ലക്ഷം രൂപ തട്ടിയെന്ന മലയാളിയുടെ പരാതിയിൽ യശ്വന്ത് പുര പൊലീസ് കേസെടുത്തു.

ബെംഗളൂരു: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തും പരാതികള്‍. ബെംഗളൂരുവിൽ 200 കോടി രൂപയോളം നഷ്ടമായി എന്നാണ് പരാതി. നഗരത്തിൽ 21 ബ്രാഞ്ചുകളിലായി മലയാളികൾ ഉൾപ്പടെ നൂറുകണക്കിന് പേർ പരാതിയുമായി കമ്മീഷണറെ സമീപിച്ചു. 31 ലക്ഷം രൂപ തട്ടിയെന്ന മലയാളിയുടെ പരാതിയിൽ യശ്വന്ത് പുര പൊലീസ് കേസെടുത്തു.

പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപനത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോന്നി മേഖലയിൽ മാത്രം 600 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപം സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്‍റ് വിലക്ക് മറച്ച് വച്ചാണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

റിമാന്‍റിലായിരുന്ന പോപ്പുലർ ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റീബ മേരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. പോപ്പുലറിന്‍റെ വിവിധ ശാഖകളിലെ ഇടപാടുകൾ സംബന്ധിച്ചു പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കമ്പനിയിലെ ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവരിൽ ചിലർ ബെംഗളൂരുവിൽ ഉണ്ടെന്നും സംശയിക്കുന്നു.

Also Read: പോപ്പുല‌ർ ഫിനാൻസ്; കോന്നി മേഖലയിൽ മാത്രം നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്

click me!