
ദില്ലി: കേരള സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച സിൽവര്‍ ലൈൻ സംബന്ധിച്ച പ്രതികരണവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സിൽവർ ലൈനിൽ കേരളത്തിന്‍റെ ഭാഗത്ത് നിന്നും പിന്നീട് താത്പര്യം ഒന്നും കണ്ടില്ലെന്നാണ് മന്ത്രി പറയുന്നത്. പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ റെയിൽവേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
372 കോടി മാത്രമാണ് യുപിഎ സര്‍ക്കാര്‍ നൽകിയത്. മോദി ഭരണത്തിൽ 2744 കോടി കിട്ടി. മൂന്ന് പുതിയ റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും വലിയ ഗുണം ലഭിക്കും. മൂന്ന് പുതിയ കോറിഡോറിൽ 40900 കിലോമീറ്റര്‍ പുതിയ ട്രാക്കുകൾ നിർമ്മിക്കും. ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭാരത് ഇറക്കും. വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ അടുത്ത വർഷം തുടങ്ങും. കേരളത്തിൽ വന്ദേഭാരത് നന്നായി പ്രവർത്തിക്കുന്നുവെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ഇത്തവണയും കേരളത്തെ അവഗണിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല.
2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam