
തിരുവനന്തപുരം: ഡാമുകളിൽ നിന്ന് തുറന്നു വിട്ട വെള്ളത്തിന്‍റെ കണക്ക് സംസ്ഥാനസർക്കാർ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മൻചാണ്ടി. കേരള സർക്കാരും തമിഴ്‍നാട് സർക്കാരും സമർപ്പിച്ച ഡാമുകളിൽ നിന്ന് വെള്ളം എത്ര വീതം കഴിഞ്ഞ മഴക്കാലത്ത് തുറന്നു വിട്ടെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ തുറന്നുവിട്ട വെള്ളത്തിന്‍റെ കണക്കിൽ വലിയ വ്യത്യാസമുണ്ടെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.
മഹാപ്രളയത്തിന് ഉത്തരവാദികൾ സംസ്ഥാനസർക്കാർ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ അമിക്കസ് ക്യൂറി നൽകിയിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 14 വരെ ഡാമുകൾ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രിൽ 3-ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.
കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്‍ധർക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല.
2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam