
കൊച്ചി: ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പിൻമാറി. കാരണം വ്യക്തമാക്കാതെയാണ് ജസ്റ്റിസിന്‍റെ പിന്മാറ്റം.
ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാരിന്‍റെ ക്ലീൻ ചിറ്റ് കിട്ടിയിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദൻ നൽകിയ പുനഃപരിശോധനാ ഹർജി തള്ളണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണ്. അതിൽ ഇനി വേറെ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. 2017- ഡിസംബർ 23-ലെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഐസ്ക്രീം പാർലർ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്.
മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട കേസിൽ ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വി എസ്സിന്‍റെ ആവശ്യം.
1995-96 കാലത്താണ് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്‍റണി. പി കെ കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയാണ്. 1998-ൽ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ്ക്രീം പാർലർ പെൺവാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം നിലച്ച അവസ്ഥയിലായിരുന്ന കേസ് ഇതോടെയാണ് വഴിത്തിരിവിലെത്തുന്നത്.
കേസ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍, ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.
ഇത് സ്ഥിരീകരിക്കുന്ന വാർത്താസമ്മേളനമായിരുന്നു വർഷങ്ങൾക്ക് ശേഷം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് നടത്തിയത്. കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ എ റൗഫ്, പണം നൽകിയാണ് കേസിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ മൊഴി മാറ്റിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് കെ എ റൗഫ് വെളിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam