സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം; ബാങ്കുകളിലെ കരുതൽ ധനം സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റും

Published : Oct 06, 2023, 08:32 AM IST
സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം; ബാങ്കുകളിലെ കരുതൽ ധനം സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റും

Synopsis

കരുവന്നൂര്‍ ക്രമക്കേട് അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ആകെ പരിഹാരമെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ പുനരുദ്ധാരണ നിധിയെന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത്.

തിരുവനന്തപുരം : പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നുള്ള കരുതൽ ധനം സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാൻ തീരുമാനം. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ ചട്ടത്തിന് ഭേദഗതി തയ്യാറായി. സഹകരണ നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ടാൽ പാസാകുന്ന മുറയ്ക്ക് തീരുമാനം പ്രാബല്യത്തിൽ വരും.

കരുവന്നൂര്‍ ക്രമക്കേട് അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ആകെ പരിഹാരമെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ പുനരുദ്ധാരണ നിധിയെന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത്. പ്രതിസന്ധിയിലാകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പ്രത്യേകം രക്ഷാ പാക്കേജുകളുണ്ടാക്കും. ഇതിനാവശ്യമായ പണം കണ്ടെത്തലിൽ ഊന്നിയാണ് ചട്ട ഭേദഗതി. പ്രാഥമിക സഹകണ സംഘങ്ങൾ സൂക്ഷിക്കുന്ന കരുതൽ ധനം നിധിയിലേക്ക് വകമാറ്റും. ചട്ടം നിലവിൽ വരുന്നതോടെ കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്നുള്ള പണമാണ് സഹകരണ സംരക്ഷണ നിധിയിലേക്ക് എത്തുക.

പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തിന്റെ ഏഴ് ശതമാനം കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ടിലേക്കും 15 ശതമാനം റിസര്‍വ് ഫണ്ടിലേക്ക് നീക്കിവയ്ക്കണം. കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ടിന്റെ 50 ശതമാനം സഹകരണ ബാങ്കുകള്‍ സംരക്ഷണ നിധിക്ക് നൽകണമെന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. വായ്പയായി സ്വീകരിക്കുന്ന തുകയ്ക്ക് നിക്ഷേപത്തിന്‍റെ പലിശ നൽകാനാണ് നിലവിലെ ധാരണ. 

അതേ സമയം ഫണ്ട് കണ്ടെത്തുന്നതിന് അപ്പുറം സഹകരണ സംരക്ഷണ നിധിയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചോ സഹായം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ മാനദണ്ഡം സംബന്ധിച്ചോ തീരുമാനം ഒന്നും ആയിട്ടില്ല. കരുതൽ ഫണ്ട് നൽകാൻ കൂട്ടാക്കാത്ത സംഘങ്ങൾക്ക് പരിരക്ഷ കിട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട കരുതൽ നിധി നിര്‍ബന്ധമായും സര്‍ക്കാരിലേക്ക് എടുക്കുന്നതിലെ നിയമ സാധുതയിലും സംശയം ബാക്കിയാണ്. 

കരുവന്നൂർ കേസിലെ പ്രതികളെ ജയിൽ മാറ്റി ഒരുമിച്ച് പാർപ്പിക്കുന്നതെന്തിന്? വിശദീകരണം തേടി കോടതി

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം