
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തില്‍ സിപിഐയുടെ തുടർ നടപടി എന്താകും എന്നതാണ് ഇനി ആകാംക്ഷ. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ എഐഎസ്എഫ് തീരുമാനിച്ചു.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച്, മികച്ച പഠന കേന്ദ്രമാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം ശ്രീ. പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂര്‍ണമായ പേര്. വിദ്യാഭ്യാസ നയത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം പദ്ധതിയെ തുടക്കം മുതൽ എതിർക്കുന്നു. പിഎം ശ്രീ സ്‌കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കേണ്ടി വരും. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 14,500 സ്കൂളുകളെയാണ് സമഗ്രമായി നവീകരിയ്ക്കുക.
സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി, കായിക സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അഞ്ച് വർഷത്തേക്ക് ഒരു കോടി രൂപ വരെ ലഭിക്കും. ഇതിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആയിരിക്കും. കേരളത്തിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും രണ്ട് സ്കൂളുകൾ വീതം മുന്നൂറോളം സ്‌കൂളുകൾക്ക് പദ്ധതിയുടെ പ്രയോജനം കിട്ടിയേക്കും. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ ഫണ്ട് കഴിഞ്ഞ വർഷമാണ് കേന്ദ്രം തടഞ്ഞത്. കേരളത്തിൽ പദ്ധതി ശുപാർശ മന്ത്രിസഭയിലെത്തിയപ്പോൾ സിപിഐ എതിർത്തു. തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയിൽ പോകാൻ ആലോചന വന്നെങ്കിലും ഫലം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പുതന്നെ നിലപാട് എടുക്കുകയായിരുന്നു.