നവകേരള നിര്‍മ്മാണം: ജൂലൈ 15-ന് നടക്കുന്ന കോണ്‍ക്ലേവില്‍ ആഗോള ബാങ്കുകള്‍ പങ്കെടുക്കും

By Web TeamFirst Published Jul 11, 2019, 6:25 PM IST
Highlights

പ്രളയാനന്തര പുന:നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുന:നിര്‍മ്മാണത്തിനായി രാജ്യാന്തര ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ജൂലൈ 15-ന് കോണ്‍ക്ലേവ് നടത്തും. കേരള വികസനം ലക്ഷ്യം വച്ചു നടത്തുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് വിവിധ ഏജന്‍സികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ലോകബാങ്ക്, ഏഷ്യാന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ജൈക്ക എന്നീ ആഗോള ഏജന്‍സികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ റെഡ് ക്രസന്‍റ് 20 കോടി ആദ്യഘട്ടസഹായം എന്ന നിലയില്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

നെട്ടൂരിലെ കൊലപാതകത്തില്‍ യുവാവിന്‍റെ പിതാവ് ഉന്നയിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി നിര്‍ദേശിക്കും പ്രകാരം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യമായി സഭയില്‍ വച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

click me!