വിദേശത്ത് നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ തടസം കേന്ദ്രം: ഒറ്റക്കെട്ടായി പ്രമേയം പാസാക്കാന്‍ നിയമസഭ

By Web TeamFirst Published Mar 11, 2020, 11:49 AM IST
Highlights

വിദേശത്തുനിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ മൂലമെന്ന് മുഖ്യമന്ത്രി. രോഗിയായത് കൊണ്ട് കയ്യൊഴിയുമോ എന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവപ്രശ്‍നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ ആണിതിന് കാരണമെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗിയായത് കൊണ്ട് കയ്യൊഴിയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കെ വി അബ്ദുള്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടന്‍ കത്ത് അയക്കും. രാജ്യത്തെ പൗരന്മാരെ കൊണ്ടുവരാത്ത നടപടി അപരിഷ്കൃതമാണ്. മലയാളികളെ മടക്കി ക്കൊണ്ടുവരാന്‍ നിയമസഭ പ്രമേയം കൊണ്ടവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലാപടിനോട് യോജിക്കുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം തിരികെ പോകേണ്ടിയിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

click me!