'അതിഥി തൊഴിലാളി' എന്ന് ഓമനപ്പേര്, എണ്ണം കുത്തനെ ഉയരുമ്പോഴും ഒരു കണക്കും വിവരവും ഇല്ലാതെ കേരള സർക്കാർ

By Web TeamFirst Published Nov 22, 2022, 8:22 AM IST
Highlights

ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തൊഴിലാളികളുടെ എണ്ണത്തിൽ വ്യക്തത ഇല്ലാതെ സംസ്ഥാന സർക്കാർ. ക്ഷേമപദ്ധതികൾ ഉറപ്പാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താനും വാർഡ് തലത്തിൽ വിവരശേഖരണം നടത്തണമെന്നാണ് നിർദ്ദേശം

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും തൊഴിലാളികളുടെ എണ്ണത്തിൽ വ്യക്തത ഇല്ലാതെ സംസ്ഥാന സർക്കാർ. ക്ഷേമപദ്ധതികൾ ഉറപ്പാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ അകറ്റി നിർത്താനും വാർഡ് തലത്തിൽ വിവരശേഖരണം നടത്തണമെന്നാണ് നിർദ്ദേശം. തൊഴിലാളികളുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടെന്ന് പ്ലാനിംഗ് ബോർഡ് വിലയിരുത്തുന്പോഴും സർക്കാർ കണക്കിൽ ഇത് 5ലക്ഷം പേർ മാത്രമാണ്.

കോഴിക്കോട്ടെ ചേളന്നൂർ പഞ്ചായത്ത് ഹിന്ദി പഠിക്കുന്ന തിരക്കിലാണ്. 21 വാർഡുകളിലെയും പഠന ക്ലാസുകളിൽ യുവാക്കളും മുതിർന്നവരുമുണ്ട്. ഒരേ സമയം 12 ക്ലാസുകൾ വരെ നടക്കുന്ന വാർഡുകളുണ്ട്.  ഈ ക്ലാസുകളിലെല്ലാം മികച്ച പങ്കാളിത്തം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമുണ്ട്. പെട്ടിക്കടയിലും ബാർബർ ഷോപ്പിലും തുടങ്ങി എല്ലായിടത്തും ഹിന്ദി സംസാരിക്കുന്നവരാണ് കൂടുതൽ.  ഹിന്ദി പഠിക്കേണ്ടത് ആവശ്യകതയായി മാറിയെന്നുമാണ് പ്രോഗ്രാം കൺവീനർ ശശികുമാറിന്റെ വാക്കുകൾ. മറ്റുള്ളവരും ഇത് ശരിവയ്ക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള സാമൂഹിക വിടവ് നികത്താനാണ് ഇവരുടെ ഈ ശ്രമം. ചുറ്റുപാടിന്‍റെ ആവശ്യം അറിഞ്ഞ് താഴെത്തട്ടിൽ ഉണ്ടായ നല്ല മാറ്റങ്ങളിലൊന്നാണ് ഇതെന്ന് പറയാം.

എന്നാൽ അതിഥി തൊഴിലാളി എന്ന ഓമന പേരിട്ട് വിളിക്കുക അല്ലാതെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തതയുള്ള ഒരു നയമുണ്ടോ? സംസ്ഥാനത്ത് കുറഞ്ഞത് 31 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്ലാനിംഗ് ബോർഡിന്‍റെ കണക്ക്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കൈവശം ഇത് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ല ഇല്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡ് നൽകിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം മാത്രമാണ് ഇത് സംബന്ധിച്ച സർക്കാർ രേഖ.

അത് പ്രകാരം 5,16,320 മാത്രമാണ് 14 ജില്ലകളിലായി തൊഴിലെടുക്കുന്നത്.ഈ കണക്കെടുപ്പും രണ്ട് മാസമായി സർക്കാർ നിർത്തി വെച്ചിരിക്കുകയാണ്. വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജൻസി കാലാവധി കഴിഞ്ഞതാണ് കാരണം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഔദ്യോഗിക രേഖയിൽ നിന്നും തൊഴിലുടമകളും ഇവരെ ഒഴിവാക്കുന്നു. അതിനാൽ പ്രാദേശികമായ കണക്കെടുപ്പ് സാമൂഹികമായി കൂടി ഇവരെ ഉൾക്കൊള്ളാൻ പ്രാപ്തരാക്കും.  ജിഷ കേസ് മുതൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ വരെ.പണിയെടുക്കാനെത്തുന്ന തൊഴിലാളികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന പൊതുബോധത്തിനാണ് മുൻതൂക്കം.പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഏറ്റ് ജീവിതം കരുപിടിപ്പിച്ച മലയാളികളാണ് ഇത് പറയുന്നതെന്നാണ് മറ്റൊരു വിരോധാഭാസവും.

Read more; ആധാർ കാർഡില്ല, ഭാഷ മനസ്സിലാകുന്നില്ല, കാരണങ്ങൾ പലത്; സ്കൂളിൽ പോകാതെ കഴിയാതെ അതിഥി തൊഴിലാളികളുടെ മക്കൾ

 

click me!