പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ, ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും മറുപടി

By Web TeamFirst Published Dec 23, 2020, 4:29 PM IST
Highlights

നിലവിൽ സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. ഇതോടെ സർക്കാർ ഗവർണ്ണർ പോര് കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് ഗവർണർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോർന്നെന്നും കുറ്റപ്പെടുത്തി. സ്വന്തം കടമ നന്നായി ചെയ്യുന്നതാണ് നല്ലതെന്ന ഗീതാ ശ്ലോകം ഉദ്ധരിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻറെ മറുപടി.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നിലപാടിൽ ഉറച്ചുനിന്ന് ഗവർണർ മുഖ്യമന്ത്രിക്ക്  നൽകിയ മറുപടിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉള്ളത്. 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭവിളിക്കാൻ ശുപാർശ ചെയ്തത്. 18ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21ന് ഫയലിൽ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനനുള്ള തീരുമാനം പിൻവലിക്കുന്നതായും 23ന് അടിയന്തിരമായ സഭ ചേരാൻ അനുമതി തേടി ഫയലെത്തി. 17നും 21നും ഇടയിലുണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന തൻറെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നാണ് ഗവർണ്ണറുടെ മറുപടി. 

മന്ത്രിസഭാ ശുപാർശകൾ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. പക്ഷെ പ്രത്യേക സഭസമ്മേളനത്തിൻറെ ആവശ്യകത ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. പൊലീസ് നിയമഭേദഗതിയിലും ത്രിതല വാാർഡ് വിഭജന ഓർഡിനൻസിലുും തനിക്ക് വ്യത്യസ്ത നിലപാടുണ്ടായിരുന്നു. എന്നാൽ സർക്കാർ ആവശ്യത്തിന് വഴങ്ങി ഒപ്പിട്ടു പക്ഷെ ദിവസങ്ങൾക്കുള്ളിൽ രണ്ടും സർക്കാർ പിൻവലിച്ചതോർമ്മിച്ചാണ് ഗവർണ്ണറുടെ കുത്ത്. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്. തനിക്ക് ഭരണഘടന സംരക്ഷിക്കാനുള്ള ബാാധ്യതയുണ്ട്. മറ്റുള്ളവരുടെ കടമ ചെയ്യുന്നതിനെക്കാൾ നല്ലത് പോരായ്മയോട് കൂടിയാണെങ്കിലുും സ്വന്ത് ജോലി ചെയ്യുന്നതാണെന്ന ഗീതാ ശ്ലോകം കൂട ഉദ്ധരിച്ചാണ് മറുപടി. 

മുഖ്യമന്ത്രിയുടെ കത്തിന് അതീവരഹസ്യസ്വഭാവമുണ്ടെന്നും ഗവ‍ർണർ തന്നെ വാായിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇന്നലെ അറിയിച്ചു. അത് പ്രകാരം  ഇന്നലെ അയച്ച കത്ത് വായിക്കുമ്പോൾ അതിലെ വിവരങ്ങൾ ചാനലുകളിൽ താൻ കണ്ടെന്നും ഗവർണ്ണർ കുറ്റപ്പെടുത്തുന്നു. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ കത്തിലൂടെ നടത്തിയ പോരിനെ ഓ‍ർമ്മിപ്പിക്കുന്നതാണ് പുതിയ സംഭവം. രാവിലെ കർഷകപ്രക്ഷോഭത്തിൽ സംസാരിച്ച മുഖ്യമന്ത്രി ഗവർണറെ പരസ്യമായി വിമർശിച്ചിരുന്നില്ല.

click me!