
കണ്ണൂർ: സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് നല്കിയ ശേഷം നടപടിയെന്നതിനാണ് നീക്കം. സ്റ്റേ നടപടിക്ക് എതിരായ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. പ്രിയാ വര്‍ഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പായി.
ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരിൽ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലൻ
അതേ സമയം, കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്തെത്തി. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നാണ് പ്രിയുടെ വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാൻ സിന്‍റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം.
'സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം': ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ
എന്നാൽ അതിനിടെ പ്രിയ വർഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രിയ വർഗീസിനെ ഒഴിവാക്കി അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പുന പ്രസിദ്ധീകരിക്കാൻ നടപടി ആവശ്യപ്പെട്ടാണ് റാങ്ക് പട്ടികയിൽ രണ്ടാ സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തിങ്കഴാഴ്ച കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam