ചർച്ചയിൽ പ്രതീക്ഷ എത്രത്തോളം? വിഴിഞ്ഞം തുറമുഖ പ്രതിഷേധം അഞ്ചാം  ദിനത്തിൽ; ധാരണ നടപ്പിലായാൽ പ്രതിഷേധം കനക്കില്ല

Published : Aug 20, 2022, 12:44 AM IST
ചർച്ചയിൽ പ്രതീക്ഷ എത്രത്തോളം? വിഴിഞ്ഞം തുറമുഖ പ്രതിഷേധം അഞ്ചാം  ദിനത്തിൽ; ധാരണ നടപ്പിലായാൽ പ്രതിഷേധം കനക്കില്ല

Synopsis

തുറമുഖ നിർമ്മാണം നിർത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്സിഡിയിലുമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. ക്യാംപിലുള്ളവരെ തത്കാലം വാടക വീടുകളിലേക്കും പിന്നീട് സ്ഥിരം പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റിപ്പാര്‍ക്കിനായിരുന്നു ധാരണ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ രൂപതയുടെ പ്രതിഷേധം അഞ്ചാംദിവസവും തുടരും. പദ്ധതി പ്രദേശം നിലനിൽക്കുന്ന വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. സമാധാനമായി പ്രതിഷേധിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചായിരിക്കും ഇന്നത്തെ പ്രതിഷേധം. മതബോധന അധ്യാപകരും സമിതി അംഗങ്ങളും പ്രതിഷേധപ്പന്തലിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ സമവായ നീക്കങ്ങളുണ്ടായെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി. തുറമുഖ നിർമ്മാണം നിർത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്സിഡിയിലുമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. ക്യാംപിലുള്ളവരെ തത്കാലം വാടക വീടുകളിലേക്കും പിന്നീട് സ്ഥിരം പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റിപ്പാര്‍ക്കിനായിരുന്നു ഇന്നലത്തെ ധാരണ. ഇത് നടപ്പിലായാൽ പ്രതിഷേധം വലിയ തോതിൽ കനക്കാൻ സാധ്യത കുറവാണ്.

വിഴിഞ്ഞത്തെ സമരം തീ‍ര്‍ക്കാൻ മുഖ്യമന്ത്രി ച‍ര്‍ച്ച നടത്തും: മന്ത്രിമാരും സമരസമിതിയുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങൾ

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീ‍ര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനും ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ഇന്നലെ നടന്ന ച‍ര്‍ച്ച രണ്ടരമണിക്കൂ‍ര്‍ ആണ് നീണ്ടുനിന്നത്. അനുകൂല പ്രതികരണമാണ് മന്ത്രിമാരിൽ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീൻ അതിരൂപത വികാരിയുമായ ജനറൽ യൂജിൻ പെരേര പറഞ്ഞു.

യൂജിൻ പെരേര ചർച്ചക്ക് ശേഷം പറഞ്ഞത്

ഏഴ് വിഷയങ്ങൾ മുന്നിൽ നി‍ര്‍ത്തിയാണ് ഈ സമരം. ഇന്നത്തെ ച‍ര്‍ച്ചയിൽ ഈ ഏഴ് വിഷയങ്ങളും പ്രത്യേകം എടുത്ത് ച‍ര്‍ച്ച ചെയ്തു. ക്യാംപുകളിൽ കഴിയുന്ന എല്ലാവരേയും ഓണത്തിന് മുൻപായി വാടക വീട്ടിലേക്ക് മാറ്റാമെന്ന് മന്ത്രിമാ‍ര്‍ ഉറപ്പു നൽകിയിട്ടുണ്ട്. ഈ കുടുംബങ്ങളെ സ്ഥിരമായി പാര്‍പ്പിക്കാൻ സംവിധാനമൊരുക്കും. മുട്ടത്തറ 17.5 ഏക്ക‍ര്‍ സ്ഥലം ഭവനപദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. വേറെയും  സ്ഥലം ഇതിനായി കണ്ടെത്തും. മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത കൂടി വരുന്ന വിഷയമായതിനാൽ മുഖ്യമന്ത്രിയോട് കൂടി ച‍ര്‍ച്ച ചെയ്ത് മന്ത്രിസഭയിൽ തീരുമാനമെടുക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്.  മുതലപ്പൊഴിയുടെ കാര്യത്തിലും വേണ്ട നടപടി സ്വീകരിക്കാം എന്ന് മന്ത്രിമാ‍ര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുമായി സഹകരിച്ചും കൂടിയാലോചിച്ചും പരിഹാരം കണ്ടെത്തും. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി മത്സ്യബന്ധം വിലക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതി നടപ്പാക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്.

തുറമുഖ നി‍ര്‍മ്മാണം മൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് റെയിൽവേ ഉദ്യോഗസ്ഥ‍ര്‍ വീട്ടിൽ കേറി കുറ്റിയടിക്കുന്ന വിഷയവും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നടപടിയും പാടില്ലെന്നാണ് മന്ത്രി പറഞ്ഞത്. വിഴിഞ്ഞം ഭാഗത്തെ മതിൽ നി‍ര്‍മ്മാണത്തിലും ഇതേ നിലപാട് ആണ് മന്ത്രി സ്വീകരിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ പൂ‍ര്‍ണമായി നിറവേറിയ ശേഷമേ മത്സ്യത്തൊഴിലാളികൾ സമരമുഖത്ത് നിന്നും പിന്മാറൂ എന്ന് മന്ത്രിമാരേയും കളക്ടറേയും ഫിഷറീസ് വകുപ്പ് മേധാവിമാരേയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ച‍ര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. തിരുവന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം