അധിക വൈദ്യുതി ബില്ല്; ഉപയോക്താക്കള്‍ക്ക് സബ്സിഡിയിലൂടെ ആശ്വാസം പ്രഖ്യാപിച്ച് സര്‍ക്കാര്‍

By Web TeamFirst Published Jun 18, 2020, 6:59 PM IST
Highlights

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

തിരുവനന്തപുരം: അമിത വൈദ്യുതി ബില്ലിനെതിരായ വ്യാപക പ്രതിഷേധം ഫലം കണ്ടു. ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലില്‍ , അധിക ഉപഭോഗത്തിന്, വിവിധ സ്ളാബുകളിലായി 20 മുതല്‍ 50 ശതമാനം വരെ  വരെ സബ്സിഡി നല്‍കും.ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ -

1. അമിത വൈദ്യുതി ബില്ലില്‍ ആശ്വാസം
2. അധിക ഉപഭോഗത്തിന് സബ്സിഡി നല്‍കും
3. 200 കോടിയുടെ ഇളവെന്ന് മുഖ്യമന്ത്രി
4.40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം
5. 50 യൂണിറ്റ് വരെ പകുതി സബ്സിഡി
6. 100 യൂണിറ്റ് വരെ 30 ശതമാനം ഇളവ്
7. 150 യൂണിറ്റ് വരെ 25 ശതമാനം ഇളവ്
8.150ന് മുകളില്‍ 20 ശതമാനം സബ്സിഡി

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ -

സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
ഇപ്പോള്‍ ചില തീരുമാനങ്ങള്‍ കൂടി എടുക്കുകയാണ്.

 വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് എടുത്തത്.

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും.പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 25 ശതമാനമായിരിക്കും സബ്സിഡി.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്‍റെ 20 ശതമാനം സബ്സിഡി നല്‍കും. ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. 

ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
 

click me!