നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി, രാജ്ഭവന്റെ തീരുമാനത്തിൽ ഉറ്റുനോക്കി സര്‍ക്കാര്‍

Published : Jan 21, 2024, 06:29 PM ISTUpdated : Jan 21, 2024, 06:37 PM IST
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി, രാജ്ഭവന്റെ തീരുമാനത്തിൽ ഉറ്റുനോക്കി സര്‍ക്കാര്‍

Synopsis

 കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ നയപ്രഖ്യാപന പ്രസംഗത്തിൽ രൂക്ഷമായി വിമര്‍ശിച്ചതായി വിവരം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവർണ്ണർക്ക് എതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചതായും വിവരമുണ്ട്. ഈ വിമര്‍ശനങ്ങളിൽ രാജ്ഭവന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 25-നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

നയപ്രഖ്യാപനത്തിന് ഗവർണ്ണറെ രാജ്ഭവനിലെത്തി സ്പീക്കര്‍ ക്ഷണിച്ചിരുന്നു. പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇടപെടൽ രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.

പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണ-പ്രതിപക്ഷ നിരയിൽ നിന്ന് പ്ലക്കാർഡോ ബാനറോ ഉയരാനുള്ള സാധ്യതകളുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടി നേടാനുള്ള അവസരമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പക്കൽ അത്യാവശ്യത്തിന് പോലും പണമില്ലാത്തത് തിരിച്ചടിയാണ്.  സഭാസമ്മേളനം കഴിഞ്ഞാൽ ഉടൻ കെ സുധാകരൻറെയും വിഡി സതീശന്റെയും സമരാഗ്നി യാത്ര നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ബലാബലത്തിന്റെ വേദി കൂടിയായി നിയമസഭാ സമ്മേളനം മാറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം