പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാൻ വാദിച്ച അഭിഭാഷകർക്ക് പണം നൽകാൻ ഉത്തരവിട്ടു

By Web TeamFirst Published Apr 29, 2020, 9:09 AM IST
Highlights

പെരിയ കേസിലെ സി ബി ഐ അന്വേഷണത്തിനെതിരെ ഹാജരായ ദില്ലിയിലെ അഭിഭാഷകർക്കാണ് പണം നൽകാൻ ഉത്തരവ്

ദില്ലി: കൊവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സംസ്ഥാന സർക്കാർ ദില്ലിയിൽ നിന്നുള്ള അഭിഭാഷകർക്ക് വക്കീൽ ഫീസ് അനുവദിച്ചു. പെരിയ കേസിലെ സി ബി ഐ അന്വേഷണത്തിനെതിരെ ഹാജരായ ദില്ലിയിലെ അഭിഭാഷകർക്കാണ് പണം നൽകാൻ ഉത്തരവ്. ഇതിൽ തുക വ്യക്തമാക്കിയിട്ടില്ല.

അഭിഭാഷകരായ മന്ദീർ സിംഗിനും പ്രഭാസ് ബജാജിന്റെയും യാത്രക്കും താമസത്തിനുമാണ് പണം അനുവദിച്ചത്. രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. 

പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ  കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന്  കേസ് എറ്റെടുത്ത് സിബിഐ  കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ   സർക്കാർ അപ്പീലുമായി ഡിവിഷൻ ബ‌ഞ്ചിനെ സമീപിച്ചു.  സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.  സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായ മന്ദീർ സിങും പ്രഭാസ് ബജാജുമാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഇവർക്കാണ് ഇപ്പോൾ പണം അനുവദിച്ചിരിക്കുന്നത്.

click me!