ശ്രീചിത്ര ആശുപത്രിയിൽ പ്ലാസ്മാ തെറാപ്പി പരീക്ഷണത്തിന് ഐസിഎംആറിന്റെ പ്രാഥമിക അനുമതി

By Web TeamFirst Published Apr 29, 2020, 8:59 AM IST
Highlights

അന്തിമ തീരുമാനം എത്തിക്സ് കമ്മിറ്റിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമെന്ന് ഐസിഎംആര്‍ അറിയിച്ചു. അതേസമയം പ്ലാസ്മ തെറാപ്പി പ്രായോഗികമായ ചികിത്സയല്ലെന്നാണ് ഐസിഎംആറിന്റെ അഭിപ്രായം

തിരുവനന്തപുരം: കൊവിഡിനെതിരെ ഫലപ്രദമെന്ന് കരുതുന്ന പ്ലാസ്മാ തെറാപ്പി, തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സയൻസസിൽ പരീക്ഷിക്കാൻ ഐസിഎംആർ പ്രാഥമിക അനുമതി നൽകി. അന്തിമ തീരുമാനം എത്തിക്സ് കമ്മിറ്റിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമെന്ന് ഐസിഎംആര്‍ അറിയിച്ചു. അതേസമയം പ്ലാസ്മ തെറാപ്പി പ്രായോഗികമായ ചികിത്സയല്ലെന്നാണ് ഐസിഎംആറിന്റെ അഭിപ്രായം.

പ്ളാസ്മ പരീക്ഷണത്തിന് വലിയ പിന്തുണയില്ല. പ്ളാസ്മ പരീക്ഷണം എപ്പോഴും വിജയിക്കില്ലെന്ന് ഐസിഎംആര്‍ ഇന്നലെ പറഞ്ഞിരുന്നു. ദില്ലിയിൽ രോഗം ഭേദമായത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ഐസിഎംആറിന്റെ വാദം. 

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പടെ 99 സ്ഥാപനങ്ങളാണ് പ്ളാസ്മാ ചികിത്സാ പരീക്ഷണത്തിന് ഐസിഎംആറിന്‍റെ അനുമതി തേടിയത്. ഇതിൽ രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകി. ശ്രീചിത്ര മെഡിക്കൽ സയൻസസിന്‍റെ ശുപാര്‍ശ ഡയറക്ടര്‍ ജനറൽ ബൽറാം ഭാര്‍ഗവിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പരിശോധിച്ചു. 

ശ്രീചിത്രയുടെ തന്നെ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കൂടി കിട്ടിയാലെ ഐസിഎംആറിന്‍റെ അന്തിമ അംഗീകാരമാകു. അതേസമയം പ്ളാസ്മാ ചികിത്സക്ക് പ്രായോഗിക തടസ്സങ്ങൾ ഒരുപാടാണ്. ഇത് വ്യാപകമായി ഉപയോഗിക്കാനാകില്ല. ആന്‍റിബോഡി എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നില്ല. രോഗം ഭേദമാകുന്നവരുടെ എണ്ണവും രോഗം ബാധിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വലിയ വ്യത്യാസവും പ്രശ്നമാണ്. 

രോഗം ഭേദമായ എല്ലാവരുടെയും പ്ളാസ്മ ശേഖരണം വിജയകരമാകില്ല. അങ്ങനെ ശേഖരിക്കുന്നവ മുഴുവൻ ഉപയോഗിക്കാനും സാധിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ചിലരിൽ അവരുടെ സമ്മതത്തോടെ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു ചികിത്സാ പരീക്ഷണം മാത്രമാണ് ഇതെന്നും ഐസിഎംആര്‍ വിശദീകരിക്കുന്നു.

click me!