
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുൻപ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കടൽ മണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മൽസ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഗവൺമെന്റിന് കത്ത് നൽകിയത്. 2023 ജൂലൈ 27 ന് ലോക്‌സഭയിൽ ഖനനം സംബന്ധിച്ച ബിൽ അവതരിപ്പിച്ചു.
ഓഗസ്റ്റ് ഒന്നിന് ലോക്‌സഭയും തുടർന്ന് രാജ്യസഭയും ബിൽ പാസാക്കുകയും രാജ്യത്ത് നിയമമായി മാറുകയും ചെയ്തു. 12 നോട്ടിക്കൽ മൈലിനിപ്പുറമുള്ള തീരമേഖല സംസ്ഥാന ഗവൺമെന്റിന്റെ അധികാരപരിധിയിൽ വരുന്നതാണ്. ഇതിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അധികാരം ഇല്ലാതാക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. മണിപ്പൂർ വിഷയത്തിൽ പ്രക്ഷുബ്ധമായത് കാരണമാകാം എം.പിമാർ ആരും ഭേദഗതി നിർദേശിച്ചില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ 2023 ൽ തന്നെ കടൽ മണൽ ഖനനത്തിനെതിരായ നിലപാട് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചു. ഇത് സംബന്ധിച്ച് മൂന്ന് കത്തുകൾ സംസ്ഥാനം കേന്ദ്രസർക്കാരിനയച്ചു.
നിയമസഭയിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ഖനനത്തിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച റോഡ് ഷോയിൽ കേരളത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുക്കുന്ന വേളയിലും ഈ വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്ര മൈനിംഗ് സെക്രട്ടറി തിരുവനന്തപുരത്ത് നടത്തിയ യോഗത്തിൽ ഖനന വിഷയം അജണ്ടയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരായി പ്രതിപക്ഷവുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കടൽ മണൽ ഖനന വിഷയത്തിലുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam