
തിരുവനന്തപുരം: ഐജിഎസ്ടിയിൽ കേരളത്തിന് 25,000 കോടിയുടെ കുടിശ്ശികയുണ്ടെന്ന പ്രതിപക്ഷ പ്രചാരണം തള്ളി ധനമന്ത്രി. ജിഎസ്ടിയിലെന്ന പോലെ ഐജിഎസ്ടിയിലും കേരളം കേന്ദ്രത്തിൽ പുതിയ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് കെഎൻ ബാലഗോപാൽ വിശദീകരിച്ചു. ധനകാര്യ എക്സ്പെൻഡീച്ചർ റിവ്യു കമ്മിറ്റിയുടെ റിപ്പോർട്ട് ഇത് വരെ സർക്കാറിന് ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
പാർലമെൻറിൽ എൻകെ പ്രേമചന്ദ്രൻറെ ചോദ്യവും നിർമ്മല സീതാരാമൻറെ മറുപടിയും കൊളുത്തിവിട്ട വിവാദത്തിൽ പുതിയ വിശദീകരണവുമായി ബാലഗോപാൽ ഇന്ന് മാധ്യമങ്ങളെ കണ്ടു. ജിഎസ്ടി കുടിശ്ശിക നൽകാത്തതിൻ്റെ കാരണം കേരളം എജി സർട്ടിഫൈ ചെയ്ത് റിപ്പോർട്ട് നൽകാത്തതാണെന്നായിരുന്നു നിർമ്മല സീതാരാമൻ്റെ മറുപടി. എന്നാൽ കുടിശ്ശികയിൽ കേരളത്തിന് പരാതിയില്ലെന്ന് ബാലഗോപാൽ വ്യകതമാക്കിയതോടെ ഐജിഎസ് ടിയെ കുറിച്ചാണ് തൻറെ പ്രധാന ചോദ്യമെന്നായിരുന്നു പ്രേമചന്ദ്രൻറെ അടുത്ത വിശദീകരണം. കേരളത്തിൻറെ പിടിപ്പുകേട് മൂലം ഐജിഎസ് ടിയിൽ പ്രതിവർഷം 5000 കോടിയുടെ നഷ്ടമുണ്ടായെന്ന ധനകാര്യ എക്സപെൻഡീച്ചർ റിവ്യുകമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള മാധ്യമവാർത്തയായിരുന്നു പ്രേമചന്ദ്രനും പ്രതിപക്ഷവും ആയുധമാക്കിയത്. എന്നാൽ ഇതും തള്ളുന്നു സംസ്ഥാന ധനമന്ത്രി
പ്രതിപക്ഷം ആയുധമാക്കുന്ന എക്സ് പെൻഡീച്ചർ റിവ്യുകമ്മീറ്റി റിപ്പോർട്ട് കിട്ടിയില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. അന്തർ സംസ്ഥാന വില്പനയിൽ ഈടാക്കുന്ന നികുതിയായ ഐജിഎസ്ടി വിഹിതം കൂട്ടണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് നിശ്ചയിക്കുന്ന രീതിയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സംസ്ഥാന നിലപാട്. ഐജിഎസ് ടി പഠിക്കാൻ സംസ്ഥാനം വിദഗ്ധസമിതിയെയും വെച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam