Latest Videos

തൊട്ടാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ തുടരും : ഹൈക്കോടതി

By Web TeamFirst Published Sep 23, 2022, 3:44 PM IST
Highlights

ഹര്‍ത്താൽ അക്രമങ്ങളിൽ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്ഐയിൽ നിന്നും ഈടാക്കുമോ എന്നും കോടതി

കൊച്ചി: ഹര്‍ത്താൽ അക്രമങ്ങളിൽ ഗൗരവകരമായ നിരീക്ഷണവുമായി കേരള ഹൈക്കോടതി. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് കോടതി പറഞ്ഞു.

പിഎഫ്ഐ ഹര്‍ത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും.  229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സര്‍ക്കാര്‍ അറിയിച്ചു. 

ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണ്, തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

നീതിന്യായഭരണസംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി ബസുകൾ ആക്രമിക്കുന്നതെന്നും ഹര്‍ത്താൽ അക്രമങ്ങളിൽ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്ഐയിൽ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിച്ചു. 

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കും, പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ  45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. 

tags
click me!