ആ​രോ​ഗ്യപ്രവ‍ർത്തകർക്കെതിരായ കൈയ്യേറ്റത്തിൽ ക‍ർശന നടപടി വേണമെന്ന് ഹൈക്കോടതി

By Web TeamFirst Published Sep 9, 2021, 3:09 PM IST
Highlights

അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പൊലീസിന് തണുത്ത സമീപനമാണെന്ന് സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ ബോധിപ്പിച്ചു.

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളുടെ അന്വേഷണ പുരോഗതി ഡിജിപി നേരിട്ട് വിലയിരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ആരോഗ്യപ്രവർത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 278 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ 278 കേസുകളിൽ ആകെ 28 കേസുകളിൽ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പൊലീസിന് തണുത്ത സമീപനമാണെന്ന് സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. ആക്രമങ്ങളുണ്ടായാല്‍ പൊലീസ് യഥാസമയം ഇടപെടുന്നില്ലെന്നും പരാതി നൽകിയാലും പലപ്പോഴും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നും സ്വകാര്യആശുപത്രികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

ഇതോടെയാണ് കടുത്ത വിമർശനം കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്നുമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ലാഘവത്തോടെ കാണുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണം.  ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന് ഡിജിപി ഉറപ്പു വരുത്തണം.  രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഡിജിപി പരിശോധിക്കണം. പരാതികള്‍ ഉണ്ടായാല്‍ കാലതാമസമില്ലാതെ പൊലീസ് ഇടപെട്ടുവെന്ന് ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍

click me!