
ആലപ്പുഴ: ആർ.എസ്.എസ് പ്രവർത്തകൻ രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ കോടതിയിൽ നിന്നും വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളുടെ ഹർജിയിലാണ് ഉത്തരവ്. ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതിഭാഗത്തിൻ്റെ വാക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെ കേസിൻ്റെ വിചാരണ അനിശ്ചിതത്വത്തിലായിരുന്നു. കൊല്ലപ്പെട്ട രൺജീത്ത് ശ്രീനിവാസൻ ആലപ്പുഴ ബാറിലെ അഭിഭാഷകനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്നു. വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിനൊപ്പം സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ ഇരട്ടക്കൊലപാതക കേസുകളിൽ പൊലീസ് നേരത്തെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രൺജീത്ത് കേസിൽ പതിനഞ്ചും, ഷാൻ കേസിൽ പതിനൊന്നും പ്രതികളെ ചേർത്താണ് ആദ്യഘട്ട കുറ്റപത്രം നൽകിയത്. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി.
ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പൊലീസ് നന്നേ പണിപ്പെട്ടു. രൺജീത്ത് കേസിൽ തിരിച്ചറിയൽ പരേഡ് അടക്കം നടപടികൾ ഉള്ളതിനാൽ പ്രധാന പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പ്രതികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. രൺജീത്ത് വധക്കേസിൽ 1100 പേജുള്ള ഷാൻ വധക്കേസിൽ 483 പേജുള്ള കുറ്റപത്രവുമാണ് ആദ്യഘട്ടത്തിൽ ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചത്. അനുബന്ധ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam