നിശാന്തിനിക്കെതിരായ കേസിൽ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

By Web TeamFirst Published Nov 16, 2019, 12:44 PM IST
Highlights
  • കക്ഷികൾ തമ്മിൽ പരാതി ഹൈകോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ തുടർ നടപടി ആവശ്യമില്ലെന്നു കോടതി
  • യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്‌സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നായിരുന്നു കേസ്

കൊച്ചി: ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.നിശാന്തിനിക്കെതിരായ കേസാണ് റദ്ദാക്കിയത്. 

കക്ഷികൾ തമ്മിൽ പരാതി ഹൈകോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ തുടർ നടപടി ആവശ്യമില്ലെന്നു കോടതി ചൂണ്ടിക്കാട്. യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്‌സി ജോസഫിനെ വനിത പൊലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നായിരുന്നു കേസ്. കേസിൽ മറ്റ് പ്രതികളായ പിഡി പ്രമീള, കെവി മുരളീധരൻ നായർ എന്നിവർക്കെതിരായ കേസും റദ്ദാക്കി.

ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലൈ 12 ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. തൊടുപുഴ എസിപി ആയി ആർ നിശാന്തിനി പ്രവർത്തിച്ചിരുന്ന സമയത്താണ് ഈ സംഭവം. 2011 ജൂലൈ 26 ന് പഴ്‌സി ജോസഫിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചത്. കേസിൽ തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്.

നിശാന്തിനി അടക്കമുള്ളവരിൽ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്‌ടപരിഹാരമായി പഴ്‌സി ജോസഫ് ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ 18.5 ലക്ഷം രൂപയിൽ ധാരണയായി. ആർ.നിശാന്തിനിയെ കൂടാതെ വനിത സിവിൽ പൊലീസ് ഓഫീസർ വി.ഡി.പ്രമീള, പൊലീസ് ഡ്രൈവർ ടിഎം സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെഎ ഷാജി, നൂർ സമീർ, വിരമിച്ച എസ്ഐ കെവി.മുരളീധരൻ നായർ എന്നിവർക്കെതിരെയാണ് മർദ്ദിച്ചതിന് പേഴ്സി ജോസഫ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

അതേസമയം ചെവനിങ് സ്കോളർഷിപ്പ് ലഭിച്ച് ലണ്ടനിൽ ഉപരിപഠനത്തിനായി പോയിരിക്കുകയാണ് ഐപിഎസ് ഓഫീസറായ നിശാന്തിനി. ഇന്റർനാഷണൽ ചൈൽഡ് സ്റ്റഡീസിൽ ഒരു വർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലാണ് പഠനം. 2008 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറാണ് ആർ.നിശാന്തിനി.

click me!