
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ്റെ തീരുമാനം.
അതേസമയം കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്‍റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരൻ അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാർ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപിൽ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്.
ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരുമായി അന്വേഷണസംഘം സംസാരിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു വരാനും അല്ലാത്ത പക്ഷം നോട്ടീസ് നൽകി തെളിവെടുപ്പിന് എത്തിക്കാനുമാണ് അന്വേഷണസംഘത്തിൻ്റെ ആലോചന.
നവംബർ 25 . അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയന്നാരോപിച്ച് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു
ഡിസംബർ 26. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നു. ക്രൈംബ്രാഞ്ച് സംഘം പുതിയ കേസെടുത്തു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടി.
ജനുവരി 10. ദിലീപ് അടക്കം 5 പ്രതികൾ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ
ജനുവരി 13. ദിലീപിന്‍റെയും സഹോദരന്‍ അനുപിന്‍റെയും വീടുകളിലും നിര്‍മാണക്കന്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും റെയ്ഡ്
ജനുവരി 15. ഗൂഢാലോചനയിൽ പരാമര്‍ശിക്കുന്ന വിഐപി താനല്ലെന്ന് കോട്ടയത്തെ വ്യവസായി മെഹബൂബ്
ജനുവരി 17 . നടിയെ ആക്രമിച്ച കേസിലെ മാധ്യമവാര്‍ത്തകൾ തടയണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
ജനുവരി 22 . ദിലീപടക്കമുള്ള പ്രതികളെ മൂന്ന് ദിവസം 11 മണിക്കൂർ വീതം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി
ജനുവരി 25 . മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. റെയ്ഡില്‍ കണ്ടെടുത്തത് പുതിയ ഫോണുകളാണെന്നും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഒളിപ്പിച്ചെന്നും ക്രൈംബ്രാഞ്ച്.
ഇവ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ്
ജനുവരി 28 . മുന്‍ ഭാര്യ മഞ്ജുവാര്യരുമായുള്ള സംഭാഷണങ്ങൾ ഉള്‍പ്പെടെ ഫോണുകളിൽ ഉണ്ടെന്നും ക്രൈംബ്രാഞ്ചിന് കൈമാറാനാകില്ലന്നും ദിലീപ് ഹൈക്കോടതിയില്‍
ഫെബ്രുവരി 1. പ്രതികളുടെ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ദിലീപിന്‍റെ ഫോണുകൾ സര്‍വീസ് നടത്തിയിരുന്ന സലീഷ് വാഹനാപകടത്തില്‍ മരിച്ച സംഭവം അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി
ഫെബ്രുവരി 3. പ്രതികളുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവ്
ഫെബ്രുവരി 4. പ്രതികളുടെ മുന്‍കൂർ ജാമ്യപേക്ഷയില്‍ ഫെബ്രുവരി 7 വിധി പറയുമെന്ന് ഹൈക്കോടതി
ഫെബ്രുവരി 6. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാന്പിളുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ചിന് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam