പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

By Web TeamFirst Published Aug 3, 2021, 4:07 PM IST
Highlights

 ഒരു റാങ്ക് പട്ടികയുടെ മാത്രം കാലാവധി നീട്ടാനാകില്ലെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി.എസ്.സി കോടതിയിൽ ആവശ്യപ്പെട്ടു. 

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്.സി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. 

 ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി.എസ്.സി കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പിഎസ്.സി ഇന്ന് കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റ്  നീട്ടുന്ന കാര്യത്തിൽ ട്രൈബ്യൂണലിന് ഇടപെടനാകില്ലെന്നും ട്രൈബ്യൂണലിൻ്റെ വിധി സ്റ്റേ ചെയ്യണമെന്നും പി.എസ്.സി ഹൈക്കോടതിയിൽ വാദിച്ചു. 

ഈ ഘട്ടത്തിൽ ഇടപെട്ട ഹൈക്കോടതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുന്നുണ്ടെന്ന് വാക്കാൽ പരാമർശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയുമോയെന്നും കോടതി ആരാഞ്ഞു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുന്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും കോടതി ചോദിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!