പാനൂർ പീഡനക്കേസ്: പ്രതിയായ അധ്യാപകൻ്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Jun 23, 2020, 6:24 AM IST
Highlights

കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ് താനെന്നും ബിജെപി അനുഭാവി ആയത് കൊണ്ട് ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും പ്രതി  നൽകിയ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. 

കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായി പത്മരാജൻ  നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  

കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ് താനെന്നും ബിജെപി അനുഭാവി ആയത് കൊണ്ട് ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും  പത്മരാജൻ  നൽകിയ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികതമാത്രമാണ് ഇനി തെളിയാനുള്ളതെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ  കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.

ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കുനിയിൽ പത്മരാജനെ ഏപ്രിൽ 15-നാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ സ്വിച്ച് ഓഫ് ചെയത് ഒളിവിൽ പോയ പത്മരാജൻ പാനൂർ പൊലീസിൻ്റെ മുക്കിൻ തുമ്പിൽ തന്നെ ആഴ്ചകളോളം ഒളിച്ചു താമസിക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസ് മനസിലാക്കിയത്. മാർച്ച് 17 -ന് ഒൻപത് വയസുകാരിയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ്  പ്രതിയെ പിടിച്ചില്ല. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു. 

മുഖ്യമന്ത്രിക്കടക്കം പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊ വിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നീട് സ്ഥലം എംഎൽഎയും ആരോഗ്യമന്ത്രിയുമായ കെകെ ശൈലജ ടീച്ചർ അടക്കം പരസ്യവിമർശനവുമായി രംഗത്തു വന്നതോടെയാണ് പ്രതിയെ പിടിക്കാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കിയത്.
 

click me!