
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പഴഞ്ചൻ സംവിധാനം കാരണം സമയപരിധി തീർന്നിട്ടും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകാതെ നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ജീവനക്കാർ. സർക്കാർ സോഫ്റ്റ്‍വെയറായ സ്പാർക്കിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതാണ് തിരിച്ചടിയായത്. അപേക്ഷിക്കാനുള്ള സമയപരിധി 20 ന് തീർന്നതോടെ മൊത്തം സ്ഥലംമാറ്റം താളംതെറ്റുന്ന സ്ഥിതിയായി.
കാലാകാലങ്ങളിൽ സ്ഥലം മാറിപ്പോയവർ, വിരമിച്ചവർ, ദീർഘകാല അവധിയിലുള്ളവർ. വെട്ടേണ്ടവരെ വെട്ടി, ചേർക്കേണ്ടവരെ ചേർത്ത് സ്പാർക്ക് സോഫ്റ്റ്‍വെയറിൽ ഇതൊന്നും ആരോഗ്യവകുപ്പ് പുതുക്കിയിട്ടില്ല. പുതിയ തസ്തികകൾ കാണാനേയില്ല. ഫലം, ഓൺലൈൻ സ്ഥലം മാറ്റത്തിനായി ജീവനക്കാർക്ക് അപേക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതി. ഏപ്രിൽ 30നുള്ളിൽ പൂർത്തിയാക്കേണ്ട സ്ഥലം മാറ്റമാണ്. അപേക്ഷിക്കാനുള്ള സമയം ഈ മാസം 20ന് തീർന്നു. സ്കൂൾ തുറക്കും മുൻപെങ്കിലും സ്ഥലംമാറ്റം നടന്നില്ലെങ്കിൽ കുട്ടികളുടെ പ്രവേശനമടക്കം എല്ലാം പാളുമെന്ന സ്ഥിതി. നഴ്സുമാരുടെ കാര്യത്തിൽ, സ്റ്റാഫ് നഴ്സ് തസ്തിക, നഴ്സിങ് ഓഫീസർ ആക്കി മാറ്റിയെങ്കിലും സ്പെഷ്യൽ റൂളിറങ്ങിയിട്ടുമില്ല, സ്പാർക്കിൽ ചേർത്തിട്ടുമില്ല.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാപന മേധാവികൾക്ക് കത്തയച്ചു. സ്പാർക്കിൽ വിവരങ്ങൾ പുതുക്കാത്തതിനാൽ ഒരു ഓഫീസിലെ കണക്കെടുത്തു നോക്കുമ്പോൾ ആ ഓഫീസിൽ അനുവദിച്ച തസ്തികകളെക്കാൾ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതായി കാണുന്നുവെന്ന് ഡയറക്ടർക്ക് സർക്കുലറിൽത്തന്നെ പറയേണ്ടി വന്നു. മരിച്ചവരുടേ പേരുകൾ നീക്കം ചെയ്ത് പുതുക്കാത്തത് കാരണം പരിശീലന പരിപാടികൾക്ക് അടക്കം മരിച്ചവരുടെ പേരുകൾ വരെ പട്ടികയിൽ വരുന്ന സ്ഥിതിയാണെന്ന് ഡോക്ടർമാർ വിവരിക്കുന്നു. സമയപരിധി നീട്ടാതെ വഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്നുള്ള വീശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam