
കോഴിക്കോട്: പ്ലാന്‍റേഷന്‍ സീനിയറേജ് ഇനത്തില്‍ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വന്‍കിട തോട്ടം ഉടമകള്‍ക്കായി വേണ്ടെന്നു വച്ചതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന്. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരു പറഞ്ഞായിരുന്നു കാലങ്ങളായി സര്‍ക്കാരിന് ലഭിച്ചുവന്ന ഒരു വരുമാന സോത്രസ് വേണ്ടെന്നു വച്ചത്. റവന്യൂ വകുപ്പിന്‍റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഈ തീരുമാനമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എട്ട് ജില്ലകളിലായി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം കമ്പനി. ഈ ഭൂമിയെല്ലാം വ്യാജ രേഖകള്‍ ചമച്ചാണ് കൈവശം വച്ചിരിക്കുന്നതെന്ന് വാദിക്കുന്ന സര്‍ക്കാറാണ് മറുഭാഗത്ത്. സംസ്ഥാനത്തെ വിവിധ സിവില്‍ കോടതികളിലായി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഇങ്ങനെ പരസ്പരം പോരടിക്കുമ്പോഴാണ് തോട്ടം മേഖലയിലെ പ്രതിസന്ധി മറയാക്കി ഹാരിസണ്‍ അടക്കമുളള കമ്പനികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ ഒത്തുകളി.
സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലെ മരങ്ങളിലും ധാതുക്കളിലും സര്‍ക്കാരിന് അവകാശം നല്‍കുന്ന നിയമമാണ് 1980ലെ ഗ്രാന്‍റ്സ് ആന്‍ഡ് ലീസസ് നിയമം. ഹാരിസണ്‍ അടക്കമുളള പല കമ്പനികളും തിരുവതാംകൂര്‍ കൊച്ചി ഭരണാധികാരികളില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചത് എന്നതിനാല്‍ ഈ ഭൂമിയില്‍ നിന്ന് മുറിക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കും സീനിയറേജ് എന്ന പേരില്‍ നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചു വന്നിരുന്നു. മരം ക്വീബിക് മീറ്ററിന് 2500 രൂപയും വിറകിന് 900 രൂപയുമായിരുന്നു സീനിയറേജ്. എന്നാല്‍ 2018 ജൂണ്‍ 27ന് പിണറായി വിജയന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭ ഈ തുക ഒറ്റയടിക്ക് വേണ്ടെന്ന് വച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴിലെ 11 എസ്റ്റേറ്റുകളിലായി ലക്ഷക്കണക്കിന് മരങ്ങള്‍ മുറിക്കാനിരിക്കെയായിരുന്നു ഈ തീരുമാനം.
ഉത്തരവ് വഴി ഖജനാവിന് 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് കാട്ടി ഐഎന്‍ടിയുസി നേതാവ് സിആര്‍ നജീബ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു. കോടതി വിധി കമ്പനിക്ക് എതിരായാല്‍ മുറിച്ച മരങ്ങളുടെ സീനിയറേജ് തുക അടയ്ക്കാമന്ന് കാട്ടി ബോണ്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതോടെ സീനിയറേജ് എടുത്ത് കളഞ്ഞതിനെതിരെ റവന്യൂ വകുപ്പ് കടുത്ത നിലപാടുമായി രംഗത്തെത്തി. സിനീയറേജ് വേണ്ടെന്ന് വച്ചത് ഭൂമി സംബന്ധമായ കേസുകളെയും ബാധിക്കാമെന്ന് അന്നത്തെ നിയമ സെക്രട്ടറിയായിരുന്ന അരവിന്ദ ബാബു നിയമോപദേശവും നല്‍കി. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതും അന്തിമ തീരുമാനം എടുത്തതും. 2020 സെപ്റ്റംബര്‍ 19ന് പിണറായി സീനിയറേജ് സംബന്ധിച്ച ഫയലില്‍ ഇങ്ങനെ എഴുതി. മന്ത്രിസഭാ തലത്തില്‍ എടുത്ത തീരുമാനമനുസരിച്ചാണ് സീനിയറേജ് ഒഴിവാക്കിയത്. ഈ തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam