
തിരുവനന്തപുരം : കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാണ്. പക്ഷേ അന്തർദേശീയ ദേശീയ തലത്തിൽ കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണം. ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കൊവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനം ജാഗ്രതയോടെയാണ് മുൻപോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അതേ സമയം, രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. എന്നാൽ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ക്വാറൻ്റീൻ സൗകര്യങ്ങൾ കൂട്ടാൻ നിർദേശം നൽകും.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam