അതിതീവ്ര മഴ തുടരുന്നു; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published : Jun 17, 2025, 01:39 PM IST
kerala rain

Synopsis

കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ

റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. ബാവലിപ്പുഴയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തി. കൊട്ടിയൂരിലെത്തിയ രണ്ട് തീർത്ഥാടകരെ കഴി‌ഞ്ഞ ദിവസം കാണാതായിരുന്നു. തളിപ്പറമ്പ് എടക്കോത്ത് ശക്തമായ കാറ്റിൽ തൊഴുത്തിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് 5 പശുക്കൾ ഷോക്കേറ്റ് ചത്തു. തളിപ്പറമ്പ് മുയ്യത്ത് കനത്ത മഴയിൽ റോഡിലേക്ക് മതിൽ തകർന്ന് വീണ് സ്കൂട്ടർ യാത്രക്കാരനായ കൂനം സ്വദേശി സുനീഷിന് പരിക്കേറ്റു. ദേശീയ പാതയിൽ കുറ്റിക്കോലിലും പരിയാരത്തും സർവീസ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.ദേശീയ പാതാ നിർമാണമേഖലയിൽ നിന്ന് ചളിവെള്ളം ഒഴുകിയെത്തി കുപ്പം സിഎച്ച് നഗറിലെ വീടുകളിൽ വെള്ളം കയറി. തളിപ്പറമ്പ് കാക്കത്തോട് ബസ്റ്റാന്റ് പരിസരവും വെള്ളത്തിലായി. പയ്യന്നൂരിൽ വണ്ണാത്തി പുഴ കരകവിഞ്ഞൊഴുകുകയാണ്. അന്നൂർ, പെരുവന്തട്ട ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി,കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല.

വയനാട്ടില്‍ ഇടവിട്ടുള്ള മഴ

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടില്‍ ഇടവിട്ടുള്ള മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പേര്യ മുപ്പത്തിനാലില്‍ ഇന്നലെ രാത്രി അഞ്ച് മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണു. ഇതോടെ മാനന്തവാടി കണ്ണൂർ റോഡില്‍ ഗതാഗതം തടസ്സം നേരിട്ടു. ഫയർഫോഴ്സ് സംഘം നാല് മണിക്കൂറോളം സമയം എടുത്താണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്. മഴ തുടരുന്നതിനിടെ ബാണസുര സാഗർ അണക്കെട്ടില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം