
കൊച്ചി: കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുകയാണ്. അതിനിടയിലാണ് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതി വിധിയും ചർച്ചയാകുന്നത്. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂൾ മാനേജ്മെന്‍റുകൾക്ക് ഉണ്ടെന്നും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വിധിക്കാനാകില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി 2018 ൽ വ്യക്തമാക്കിയത്. സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനമെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ വിധി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി.
കേസും വിധിയും ഇങ്ങനെ
തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളാണ് സ്കൂളിൽ ഹിജാബും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. സഹോദരങ്ങളായ ഫാത്തിമ തസ്‌നീം, ഹഫ്‌സ പർവീൻ എന്നിവർ നൽകിയ ഹർജി പക്ഷേ ഹൈക്കോടതി 2018 ൽ തള്ളിക്കളയുകയായിരുന്നു.
തങ്ങൾ മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും ഇസ്‌ലാമിക വിശ്വാസത്തിന്റെ അനുയായികളാന്നും അതനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഫാത്തിമയും ഹഫ്‌സയും വാദിച്ചത്. ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.
സ്‌കൂൾ യൂണിഫോം കോഡിന് പുറമെ ഹിജാബ് ധരിക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി, സ്വകാര്യ സ്ഥാപനത്തിന് മൗലികാവകാശം പ്രധാനമാണെന്നും വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഫാത്തിമ തസ്‌നീമിനെയും ഹഫ്‌സ പർവീനെയും ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണോ എന്ന കാര്യത്തിൽ സ്ഥാപനമാണ് തീരുമാനം എടുക്കേണ്ടത്. സ്ഥാപനത്തിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമാണത്. ഇത്തരമൊരു അപേക്ഷ പരിഗണിക്കാൻ സ്ഥാപനത്തോട് നിർദേശിക്കാൻ പോലും കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി.
വസ്ത്രധാരണത്തിന്‍റെ കാര്യത്തിൽ സ്വന്തം ധാരണകളും ബോധ്യങ്ങളും പിന്തുടരാൻ ഒരാൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു സ്ഥാപനത്തിന് അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും മൗലികാവകാശമുണ്ട്. അത്തരം സാഹചര്യങ്ങളിൽ വ്യക്തി സ്വാതന്ത്യ്രത്തെക്കാൾ സ്ഥാപനത്തിന്‍റെ അവകാശത്തിനായിരിക്കും പ്രധാന്യം. അതുകൊണ്ടുതന്നെ സ്കൂൾ അധികൃതർ പറയുന്ന യൂണിഫോം കോഡ് എല്ലാവരും പാലിക്കേണ്ടിവരും. സ്കൂളിലെ യൂണിഫോം കോഡ് പാലിക്കാനാകില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി സഹോദരിമാർ സ്ഥാപനത്തെ സമീപിച്ചാൽ ഒരു പരാമർശവും നടത്താതെ സ്കൂൾ അതോറിറ്റി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വിധിച്ചു. സ്‌കൂൾ ഡ്രസ് കോഡ് പാലിക്കാൻ അപേക്ഷകർ തയ്യാറാണെങ്കിൽ, അതേ സ്‌കൂളിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
കർണാടകയിൽ ഹിജാബിന് ഇപ്പോൾ അനുമതിയില്ല, ഉത്തരവ് വരെ തൽസ്ഥിതി തുടരട്ടെ: ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam