മുറി വാടക സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു, സർക്കാരിന് വിമർശനം

By Web TeamFirst Published Jun 23, 2021, 3:17 PM IST
Highlights

സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു

കൊച്ചി: സ്വകാര്യ മുറികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്കുകൾ സ്വകാര്യ ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി തടഞ്ഞു. സർക്കാരിനെ നിശിതമായി വിമർശിച്ച കോടതി, ഉത്തരവ് കോടതിയെ മറികടന്നുള്ള നടപടിയാണെന്ന് കുറ്റപ്പെടുത്തി. പിഴവ് തിരുത്താന്‍ ഒരാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഇല്ലാതാക്കുന്നതാണ് സർക്കാരിന്റെ പരിഷ്കരിച്ച ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ റദ്ദാക്കുകയാണ് സർക്കാർ ചെയ്തത്. എല്ലാ ഭാരവും കോടതിയുടെ ചുമലിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  ജൂൺ 16 നാണ് സർക്കാർ പരിഷ്കരിച്ച ഉത്തരവ് ഇറക്കിയത്. അനുബന്ധ രോഗങ്ങൾ ഉള്ളവരുടെ നിരക്കിന്റെ കാര്യത്തിലും സർക്കാർ വ്യക്തത വരുത്തണമെന്ന് കോടതി പറഞ്ഞു.

പിഴവുകൾ തിരുത്താൻ ഒരാഴ്ചത്തെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതുവരെ പരിഷ്കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മുറികളുടെയും സ്യൂറ്റുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഇനി നടപ്പാക്കാനാവില്ല. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കഴുത്തറപ്പൻ നിരക്ക് ഈടാക്കിയതോടെയാണ് കോടതി ഇടപെട്ടത്. തുടർന്ന് സംസ്ഥാന സർക്കാർ നിരക്ക് നിശ്ചയിച്ചു. ഈ ഭേദഗതിയാണ് ഹൈക്കോടതി തടഞ്ഞത്.

click me!