ചൂര ലോകത്തിലെ സമ്പന്നരായ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണെന്ന് ഡോക്ടർ. ജപ്പാൻ, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ചൂര ജനപ്രിയ ഭക്ഷണമാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വില കൂടിയ മീനുകളാണ് ഇഷ്ടമെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ പരാമർശത്തിന് പിന്നാലെ ചൂര മീനിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ കാണാം. ചൂര ഒരു ചെറിയ മീനല്ലെന്നും പോഷക സമൃദ്ധമായ കടൽ മീനാണെന്നും ആരോഗ്യ വിദഗ്ധനായ ഡോ. എസ് എസ് ലാൽ പറയുന്നു. ട്യൂണ എന്നാണ് ഇംഗ്ലീഷിൽ ചൂര അറിയപ്പെടുന്നത്. ഇതിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് ഡോ.ലാൽ ഫേസ് ബുക്കിൽ കുറിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം പിന്തുണയ്ക്കാനും ട്യൂണ സഹായിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഇത് സാധാരണയായി ലഭിക്കുന്നതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ എളുപ്പവുമാണ്. ജപ്പാൻ, മാലിദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ചൂര വളരെ ജനപ്രിയമായ ഭക്ഷണമാണ്. അതുപോലെ തന്നെ അമേരിക്കയിലും യൂറോപ്പിലുമുള്ള പല രാജ്യങ്ങളിലും ടിന്നിൽ ലഭിക്കുന്ന ട്യൂണ സാധാരണമായി ഉപയോഗിക്കുന്ന ഭക്ഷണമാണ്. സാലഡുകൾ, സാൻഡ്‌വിചുകൾ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ചൂര ഉപയോഗിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു.

പോഷകമൂല്യം പരിഗണിച്ചാൽ ചൂരയെ വെറുക്കേണ്ടതില്ല

സുഷി പോലുള്ള വില കൂടിയ വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള ചൂര ലോകത്തിലെ സമ്പന്നരായ ആളുകളും ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണെന്ന് ഡോക്ടർ പറയുന്നു. അതിനാൽ ചൂര സമ്പന്നർ വെറുക്കുന്ന ഭക്ഷണമല്ല. ചിലർക്ക് ഇതിന്റെ രുചിയോ മണമോ ഇഷ്ടമാകാതിരിക്കാം, എന്നാൽ അതിന്റെ ആരോഗ്യ ഗുണങ്ങളും പോഷകമൂല്യവും പരിഗണിക്കുമ്പോൾ ചൂരയെ വെറുക്കേണ്ടതില്ല. ശരിയായ രീതിയിൽ പാചകം ചെയ്താൽ ഇത് രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ്. കേരളത്തിലും പുറത്തും ജീവിച്ചപ്പോൾ ചൂര ധാരാളം കഴിച്ചിട്ടുണ്ടെന്നും ഡോ. ലാൽ പറയുന്നു. യൂറോപ്പിലും അമേരിക്കയിലും ജീവിച്ചപ്പോൾ താനൊരു ചൂര ഫാനായെന്നും ഇപ്പോഴും ചൂര കഴിക്കുന്നുവെന്നും ഡോക്ടർ കുറിച്ചു.