ഇഷ്ടമുള്ള വാഹനങ്ങള്‍ പമ്പ കടത്തിവിടുന്നത് അവസാനിപ്പിക്കണം; പൊലീസിന് ഹൈക്കോടതിയുടെ താക്കീത്

By Web TeamFirst Published Nov 21, 2019, 12:04 PM IST
Highlights

ഇനിയും ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

ഉത്തരവ്  എങ്ങനെ നടപ്പാക്കണം എന്ന്‌ അറിയാമെന്നും കോടതി

കൊച്ചി: ശബരിമല തീർത്ഥാടകരുടെ  വാഹനങ്ങൾ പമ്പയിലേക്ക്   കടത്തിവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട എസ് പി ക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്ന് ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പൊലീസിന് ഇഷ്ടമുള്ള  വാഹനങ്ങൾ മാത്രം കടത്തിവിടുന്നത് കോടതി ഉത്തരവിന്‍റെയും സർക്കാർ തീരുമാനത്തിന്‍റെയും ലംഘനമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്ന ഒരു കൂട്ടം ഹർജികൾ പരിഗണിച്ചായിരുന്നു 15 സീറ്റുകൾ ഉള്ള ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി  ഉത്തരവിട്ടത്. പമ്പയിൽ തീർ‍ത്ഥാടകരെ ഇറക്കി വാഹനങ്ങൾ തിരിച്ച് നിലയ്ക്കലിലേക്ക് പോകണമെന്നും അനധികൃത പാർക്കിംഗ് ശ്രദ്ധയിൽ പെട്ടാൻ പൊലീസിന്  നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഇറക്കിയിട്ടും ഇപ്പോഴും പൊലീസിന് ഇഷ്ടമുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നതെന്ന റിപ്പോർട്ട് ലഭിച്ചതായി ഹൈക്കോടതി അറയിച്ചു.

ഉത്തരവ് ലംഘിച്ചാൽ പത്തനംതിട്ട എസ്പിയ്ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാറിനോട് നിലവിലുള്ള സ്ഥിതി ഉടൻ അറിയിക്കാൻ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പൊലീസ് നടപ്പാക്കുന്നുണ്ടെന്നും ആരെയും അനാവശ്യമായി തടഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കോടതിയ്ക്ക് ലഭിച്ച വിവരങ്ങൾ അങ്ങനെയല്ലെന്ന് ചൂണ്ടികാട്ടിയ ഡിവിഷൻ ബ‌ഞ്ച് ഉദ്യോഗസ്ഥൻ ലംഘിക്കുന്നത് കോടതി ഉത്തരവെന്നപോലെ സർക്കാർ തീരുമാനവുമാണെന്ന് വ്യക്തമാക്കി.  ഇത് ആവർത്തിച്ചാൽ വിധി എങ്ങനെ നടപ്പാക്കണമെന്ന് കോടതിയ്ക്ക് അറിയാമെന്നും ഓർമ്മിപ്പിച്ചു.

click me!