'ആശ്വാസ വിധി'; അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ അനുമതി

By Web TeamFirst Published Mar 3, 2020, 11:02 AM IST
Highlights

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. ആറ് സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 350 കുട്ടികൾ പഠിക്കുന്നുണ്ട്

കൊച്ചി: എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിബി എസ് ഇയുടെ തുടർ പരീക്ഷകളെഴുതാൻ അനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. കുട്ടികൾ ഏത് സ്കൂളിൽ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. ആറ് സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 350 കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികൾ പരീക്ഷയെഴുതട്ടെ എന്ന് പറഞ്ഞ ഹൈക്കോടതി സ്കൂളിന്റെ അംഗീകാരം സംബന്ധിച്ച കാര്യങ്ങളിൽ തുടർ വാദം കേൾക്കും. അതിനാൽ തന്നെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കപ്പെടുകയാണെങ്കിൽ അത് കുട്ടികളുടെ പരീക്ഷാ ഫലത്തെയും ബാധിച്ചേക്കും.

കേസിൽ ഇന്നലെ വാദം കേട്ട കോടതി, സിബിഎസ്ഇ  അംഗീകാരമില്ലാത്ത എത്ര സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തവണ പത്താം ക്ലാസ്  പരീക്ഷ എഴുതുന്നുണ്ടെന്ന്  അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ പരീക്ഷ എഴുതിയെങ്കിൽ അരൂജ സ്കൂളിലെ 28 കുട്ടികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അവശേഷിക്കുന്ന പരീക്ഷകളെങ്കിലും എഴുതാൻ അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം സിംഗിൾ ബ‌ഞ്ച് നിരാകരിച്ചതാണെന്നും  പരീക്ഷ പാതിവഴി എത്തിയ സാഹചര്യത്തിൽ ഇനി പുനപരിശോധന സാധ്യമല്ലെന്നും സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു.  അരൂജ സ്കൂളിന് വർഷങ്ങളായി  അംഗീകാരമില്ല. 2012ൽ തന്നെ അപേകേഷ തള്ളിയതാണ്.  ഇങ്ങനെയുള്ള സ്കൂളിൽ പഠിച്ച  കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്താനാകില്ലെന്നും സിബിഎസ്ഇ  നിലപാടെടുത്തു. 

വർഷങ്ങളായി അംഗീകാരമില്ലാത്ത ഈ സ്കൂളിലെ കുട്ടികൾ എങ്ങനെയാണ് കഴിഞ്ഞ വർഷം വരെ പത്താം ക്ലാസ് പരീക്ഷ എഴുതിയതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. അംഗീകാരമില്ലാത്ത സ്കൂളിലെ നിരവധി കുട്ടികൾ  അംഗീകാരമുള്ള സ്കൂൾ വഴി സിബിഎസ്ഇ പരീക്ഷ എഴുതുന്നുണ്ടെന്നത് കോടതിയ്ക്ക് അറിയാം. അത് ഒരു യാഥാർത്ഥ്യമാണെന്നും ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി.   കൊച്ചിയിൽ മാത്രം 62 അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ മറ്റ് സ്കൂൾ വഴി പരീക്ഷ എഴുതുന്നുണ്ടെന്ന് കുട്ടികളുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതി  ഈ വർഷം പത്താം ക്ലാസ്  പരീക്ഷ എഴുതുന്ന   സ്കൂൾ കുട്ടികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ സിബിഎസ്ഇ  നിർദ്ദേശം നൽകിയത്.

click me!