'ദ കേരള സ്റ്റോറി 2', ഹൈക്കോടതി ഇടപെടുന്നു, ചൊവ്വാഴ്ച നിർണായകം; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

Published : Feb 19, 2026, 03:48 PM ISTUpdated : Feb 19, 2026, 04:20 PM IST
Kerala Story

Synopsis

വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചു. പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനം

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. “കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിർമാണം: തറക്കല്ലിടൽ മുടങ്ങിയതിൽ വിവാദം, പിന്നില്‍ രാഷ്ട്രീയമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ
രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി