റോഡിലെ മരം മുറിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി; സുഗതകുമാരിയുടെ കവിത പരാമർശിച്ച് വിധി

Published : May 27, 2024, 07:42 PM IST
റോഡിലെ മരം മുറിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി; സുഗതകുമാരിയുടെ കവിത പരാമർശിച്ച് വിധി

Synopsis

പരാതിക്കാരുടെ കെട്ടിടത്തിനോ കെട്ടിടത്തിലെ താമസക്കാർക്കോ മരം നിമിത്തം അപകടമില്ലെന്ന, വനം വകുപ്പ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെ നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിധി.

കൊച്ചി: റോഡിൽ നിലകൊള്ളുന്ന മരം, സമീപത്തെ കെട്ടിടത്തിന് അപകട ഭീഷണി ഉയർത്തുന്നെന്നും, മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തള്ളി കേരള ഹൈക്കോടതി.  സുഗതകുമാരിയുടെ കവിത പരാമർശിച്ചാണ് ഹർജി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണൻ തള്ളിയത്. പട്ടാമ്പി വഴിയുള്ള പാലക്കാട്  പൊന്നാനി റോഡിലുള്ള മരം മുറിയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.  

പരാതിക്കാരുടെ കെട്ടിടത്തിനോ കെട്ടിടത്തിലെ താമസക്കാർക്കോ മരം നിമിത്തം അപകടമില്ലെന്ന, വനം വകുപ്പ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. മരങ്ങൾ മുറിക്കുന്നതിനെ പിന്തുണച്ച പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനിയർക്കും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കും വിമർശനത്തോടെയാണ് ഹർജി തള്ളിയിരിക്കുന്നത്. 

"ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി 
ഇത് പ്രാണ വായുവിനായി നടുന്നു
ഇത് മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ്  തേൻ പഴങ്ങൾക്കായി
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു"

എന്ന സുഗത കുമാരിയുടെ കവിതാ ശകലത്തോടെയാണ് ഹൈക്കോടതിയുടെ തീരുമാനമെന്നതാണ് ശ്രദ്ധേയം. നിർമ്മിച്ച കെട്ടിടത്തിലേക്ക് വാടകക്കാരെ എത്തിക്കുന്നതിൽ തടസമാകുന്ന, മരം മുറിച്ച് നീക്കണമെന്ന ആവശ്യം ന്യായമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. നിരവധി പക്ഷികൾക്കും മരം ആശ്രയമാണെന്നും കോടതി നിരീക്ഷിച്ചു. 

റോഡ് സൈഡുകളിലെ മരങ്ങൾ മുറിച്ച് നീക്കാനുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ സർക്കാർ ജാഗ്രത കാണിക്കണമെന്നും കോടതി വിശദമാക്കി. പട്ടാമ്പി സ്വദേശികളായ മൂന്ന് പേരാണ് മരം മുറിച്ച് നീക്കാൻ അനുമതി തേടി കോടതിയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം