50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം

By Web TeamFirst Published Jan 28, 2022, 12:34 AM IST
Highlights

ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം

കൊച്ചി: കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.

ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജിയിൽ  സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും. നിലവിലെ  സാഹചര്യം തീയറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയറ്റർ അടച്ചിടണമെന്ന സർക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച പരിഗണിക്കവേ തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തിയപ്പോൾ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സർക്കാർ വാദിച്ചു.

'മാളും ബാറും തുറന്നിട്ടിട്ട്...'

ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം നേരത്തെ തന്നെ നിലവിൽ വന്ന തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും ബാറുകൾക്കുംമ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്. തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞിരുന്നു.

click me!