'സ്ഥലം മാറ്റത്തിൽ ഇടപെടരുത്', ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്, ഉത്തരവ് റദ്ദാക്കി

Published : Aug 28, 2020, 10:28 AM IST
'സ്ഥലം മാറ്റത്തിൽ ഇടപെടരുത്', ഡിജിപിയെ തിരുത്തി ആഭ്യന്തരവകുപ്പ്, ഉത്തരവ് റദ്ദാക്കി

Synopsis

അസിസ്റ്റൻഡ് കമാൻഡർമാരുടെ സ്ഥലം മാറ്റപട്ടിക തിരുത്തിയ ബെഹ്‍റയുടെ ഉത്തരവാണ് ആഭ്യന്തരവകുപ്പ് റദ്ദാക്കിയത്. അപൂർവമായ നടപടിയാണിത്. പൊലീസ് മേധാവിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് തന്നെ റദ്ദാക്കുന്ന നടപടി പതിവില്ല.

തിരുവനന്തപുരം: സായുധസേനയിലെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപിക്ക് എതിരെ സംസ്ഥാനസർക്കാർ. അസിസ്റ്റന്‍റ് കമാൻഡർമാരുടെ സ്ഥലം മാറ്റപട്ടിക തിരുത്തിയ ബെഹ്റയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, സ്ഥലം മാറ്റ ഉത്തരവിൽ ഡിജിപിക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഉത്തരവിലെ ഭാഷ പരിശോധിച്ചാൽ ആഭ്യന്തരവകുപ്പിന്‍റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത് വളരെ അസാധാരണമായ ഒരു നടപടിയാണെന്ന് വ്യക്തം.

സായുധസേനയിലെ സ്ഥലം മാറ്റപ്പട്ടികയിൽ ഡിജിപി ഇടപെട്ടതാണ് ആഭ്യന്തരവകുപ്പ് ഉടനടി ഇടപെട്ട് തിരുത്തുന്നത്. അസിസ്റ്റൻഡ് കമാൻഡർമാരെ നിയമിക്കാനും സ്ഥലം മാറ്റാനും സർക്കാരിന് മാത്രമാണ് അധികാരം. അതിൽ ഡിജിപി ഇടപെടാൻ പാടില്ലെന്നും സർക്കാർ ഡിജിപിയെ അറിയിക്കുന്നു.

ഡിജിപി വരുത്തിയ സ്ഥലംമാറ്റ ഉത്തരവിലെ തിരുത്ത് റദ്ദാക്കപ്പെട്ടതോടെ, അഞ്ച് ഉദ്യോഗസ്ഥരും പഴയ പട്ടിക അനുസരിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണം. ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തി ഡിജിപി അഞ്ച് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തരവകുപ്പ് പുതുക്കി ഉത്തരവിറക്കുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ചയാണ് ആംഡ് പൊലീസ് ബറ്റാലിയനിലെ ഒരു സംഘം ഇൻസ്പെക്ടർമാരെ അസിസ്റ്റൻഡ് കമാന്‍റർമാരായി നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ഇതിന് തൊട്ടുപിന്നാലെ ഇതിൽ ഉൾപ്പെട്ട അഞ്ച് പേരെ, വർക്കിംഗ് അറേഞ്ച്മെന്‍റ് എന്ന നിലയിൽ അവർക്കിഷ്ടമുള്ള ഇടത്തേക്ക് മാറ്റി, ഡിജിപി സ്ഥലം മാറ്റ ഉത്തരവിൽ തിരുത്തൽ വരുത്തി. സിജു എസ്, സുരേഷ് കെ, രാജു എബ്രഹാം, ശ്രീജിത്ത് എസ് എസ്, അജയകുമാർ പി എം എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് ഡിജിപി തിരുത്തിയത്. 

ഇതിന് തൊട്ടുപിന്നാലെത്തന്നെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടിയുമായി രംഗത്ത് വരികയായിരുന്നു. ഡിജിപിയുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തരവകുപ്പ്, ഈ അധികാരം സർക്കാരിൽ മാത്രം നിക്ഷിപ്തമാണെന്ന് വ്യക്തമാക്കി. മാത്രമല്ല, ഈ അഞ്ച് പേരുടെയും സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി, അവർ ആദ്യ ഉത്തരവിൽ നിർദേശിച്ച ഇടത്ത് തന്നെ ജോയിൻ ചെയ്യണമെന്നും, ഇങ്ങനെ ജോയിൻ ചെയ്തെന്ന വിവരം അഞ്ച് ദിവസത്തിനകം ഡിജിപി തന്നെ റിപ്പോർട്ടായി നൽകണമെന്നും ആഭ്യന്തരവകുപ്പ് നിർദേശിക്കുന്നു. 

അസാധാരണമായ നടപടിയാണിത്. പൊലീസ് മേധാവിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് തന്നെ റദ്ദാക്കുന്ന നടപടി പതിവില്ല. ഇത്തരത്തിൽ ഡിജിപി തന്നെ നടപടിക്രമങ്ങൾ തെറ്റിച്ചതിൽ തിരുത്ത് വരുത്തുന്നതും അപൂർവനടപടിയാണ്. ആഭ്യന്തരവകുപ്പിലെ ഉന്നതർ തമ്മിലുള്ള ശീതസമരത്തിന്‍റെ ഭാഗമാണിതെന്ന സൂചനയാണ് പുറത്തുവരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍