എ പത്മകുമാറിന്‍റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. അതേസമയം, ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാരപാലക ശിൽപ കവർച്ച കേസിലാണ് പത്മകുമാറിൻ്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യനീക്കം നടത്തുന്നത്. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്വർണ്ണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. എസ്ഐടിയുടെയും ഇഡിയുടെയും വാദം ഇന്നലെ വിജിലൻസ് കോടതിയിൽ പൂർത്തിയായിരുന്നു. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം.

അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. കട്ടിളപാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയിലെ വാസുവിന്‍റെ പ്രധാന വാദം. ഇക്കാര്യത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും പ്രായാധിക്യത്തെ തുടര്‍ന്നുളള രോഗാവസ്ഥ കൂടി പരിഗണിക്കണമെന്നും വാസു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജയശ്രീ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജയശ്രീക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതി മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനാൽ ജയശ്രീ ഇന്ന് ഹാജരാകാനുള്ള സാധ്യതയില്ല. ശബരിമല സ്വർണക്കടത്തിൽ അന്താരാഷ്ട്ര മാഫിയക്ക് ബന്ധമുണ്ടെന്ന വ്യവസായിയുടെ മൊഴിൽ പ്രത്യേക സംഘം അന്വേഷണം സജീവമാക്കി. പ്രാഥമിക അന്വേഷണത്തിൽ പലതിലും കഴമ്പില്ലെന്ന വിലയിരുത്തലിലാണ് എസ്ഐടി.

YouTube video player