
ദില്ലി: ദില്ലി കേരള ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനെ അനുമതി ഇല്ലാതെ കാണാന്‍ ശ്രമിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി. ജീവനക്കാരോട് റെസിഡന്‍റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അധികൃതർ വിശദീകരണം തേടി. സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻ്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ദില്ലിയിൽ കഴിഞ്ഞ ദിവസം എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ രണ്ട് ജീവനക്കാർ കണ്ടതുമായി ബന്ധപ്പെട്ടാണ് കേരള ഹൗസിൽ പുതിയ വിവാദം. മുഖ്യമന്ത്രിക്കായുള്ള ചുമതലയിലില്ലാത്ത രണ്ട് ജീവനക്കാരാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപ് കൊച്ചിൻ ഹൗസിലെ മുറിയിൽ എത്തി കണ്ടത്. എന്നാൽ ഇത് നിലവിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് റെസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദ്ദേശം പ്രകാരം കേരള ഹൗസ് കൺട്രോളർ ഇവരോട് വിശദീകരണം തേടിയത്. സിബി ജോസ്, പിസി സുരേഷ് കുമാർ എന്നിവർക്ക് കൺട്രോളർ മെമോയും നൽകി.
മുഖ്യമന്ത്രി കേരള ഹൗസിലെത്തുമ്പോൾ സുരക്ഷയുടെയും തിരക്ക് നിയന്ത്രണത്തിന്റെയും ഭാഗമായി മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ജീവനക്കാർ ഇന്നലെ മറുപടിയും നൽകി. എന്നാൽ സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ ഇടപെട്ടു. ജീവനക്കാർക്കെതിരെ ഒരു തുടർനടപടിയും പാടില്ലെന്ന് റെസിഡൻ്റ് കമ്മീഷണര്‍ക്ക് നിർദ്ദേശവും നൽകി. റെസിഡൻ്റ് കമ്മീഷണറുടെ നടപടിയിൽ കേരള ഹൗസ് ജീവനക്കാർക്കിടെ കടുത്ത അമർഷമുണ്ട്. ജീവനക്കാർക്ക് വിരുദ്ധമായ നടപടികൾ പൂനീത് കുമാർ സ്വീകരിക്കുന്നു എന്ന പരാതി ഒരു വിഭാഗം ഉയർത്തിയിരുന്നു. കേരള ഹൗസിലെ സമൃദ്ധി ക്യാന്‍റീൽ നിന്നും ജീവനക്കാർക്ക് ഭക്ഷണം പാർസൽ വാങ്ങാനുള്ള സൗകര്യം ആർസിയുടെ നിർദ്ദേശപ്രകാരം നിർത്തിയിരുന്നു. നിലവിൽ ക്യാന്‍റീൽ തന്നെയെത്തി തന്നെ ഭക്ഷണം കഴിക്കാനാണ് നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam