പത്മിനി തോമസും ബിജെപി വിട്ടതോടെ കൂടുതൽ പേർ കോൺഗ്രസിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്. എന്നാല്‍, കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. തന്നെ പാർട്ടി ചവിട്ടി പുറത്താക്കിയതാണെന്നും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. തന്നെ പാർട്ടി ചവിട്ടി പുറത്താക്കിയതാണ്. തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഡറുടെ മകളായ പത്മജയുടേത് കോൺഗ്രസ് രക്തമാണ്. അധികാരം കണ്ടാണോ തിരികെ വരുന്നതെന്ന് പറയേണ്ടത് പത്മജയാണെന്നും മടങ്ങിവരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പ്രതികരിച്ചു. പത്മജയുടെ വരവിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടതിന് പിന്നാലെയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്കുള്ള തിരിച്ചുവരവിന് പാർട്ടി നേതൃത്വത്തിന് കത്ത് നൽകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പത്മജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തെങ്കിലും ഒരു വിഭാഗം മുതിർന്ന നേതാക്കൾ അത്ര അനുകൂലമല്ല. പത്മജയുടെ മടങ്ങിവരവിനോട് യുവനേതാക്കളും കടുത്ത എതിർപ്പ് പരസ്യമാക്കിയിരുന്നു. ബിജെപി വിടുമ്പോൾ തന്നെ ലക്ഷ്യം വീട്ടിലേക്ക് കോൺഗ്രസിലേക്കുള്ള മടക്കമാണെന്ന് വ്യക്തമാക്കിയതാണ് പത്മജ. അതിവേഗമാണ് കെപിസിസി അധ്യക്ഷൻ കൈനീട്ടിയത്. പക്ഷെ വീട്ടിലുള്ള എല്ലാവർക്കും അത്ര ആവേശമില്ല. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ സമ്മർദ്ദിലാക്കി പോയത് അത്ര പെട്ടെന്ന് മറക്കാനാകുമോ എന്ന വികാരമാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് ഉള്ളത്. പാർട്ടി വിട്ടിട്ടും ബിജെപിയെ പുകഴ്ത്തി നേരത്തെ പറഞ്ഞതെല്ലാം പത്മജ തള്ളിപ്പറയാത്തതിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. പാർട്ടി വക്താക്കളാണ് പരസ്യമായി എതിർപ്പ് കടുപ്പിക്കുന്നത്.

എതിർപ്പുകളുണ്ടെങ്കിലും വരുന്നത് ലീഡറുടെ മകളാണെന്നത് മറക്കരുതെന്നാണ് പത്മജ അനുകൂലികൾ വാദിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരായ ആയുധം കളയേണ്ടെന്നും വാദം ഉയരുന്നുണ്ട്. ആദ്യം വരട്ടെ, പദവികളിൽ പിന്നീട് തീരുമാനമാകാമെന്ന അഭിപ്രായങ്ങളുമുണ്ട്. വീട്ടിലേക്കുള്ള മടക്കത്തിന് ഇനിയും ആളുകളെത്തുകയാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിൽ ചേർന്ന സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ പത്മിനി തോമസ് ബിജെപി വിട്ടു. പത്മജക്കും പത്മിനിക്കും പിന്നാലെ ഇനിയും ക്യൂവിൽ ആളുകളുണ്ടെന്നും വിവരമുണ്ട്. എണ്ണം കൂടുന്നത് വരുന്നവർക്കെല്ലാം ആവേശത്തോടെ കസേര ഇട്ട് നൽകരുതെന്ന് വാദത്തിന് ബലമേകുന്നു. ബിജെപിയെ തള്ളിപ്പറയാത്ത പത്മജയോട് സമവായ ലൈൻ മതിയെന്ന് ബിജെപിയും. വിമർശനം പാടില്ലെന്നാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ബാക്കി പോകുന്നവരുണ്ടെങ്കിൽ പോകട്ടെ എന്നും നിലപാടുണ്ട്. ആവേശത്തോടെ വന്നവർ പോകുന്നത് പാർട്ടിക്ക് ക്ഷീണമാണ്. നിലവിലെ നേതൃത്വം പഴയ നേതൃത്വത്തെ പഴിക്കുമ്പോൾ പുതിയ നേതാക്കളുടെ വീഴ്ചയെന്ന് പഴയവരും പറയുന്നു.

YouTube video player