
തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകും. ഹോട്ടലുകളുടെ നിലവാരവും ശുചിത്വവും തരംതിരിച്ചുള്ള റേറ്റിങ് ആപ്പ് ഈ മാസം പതിനഞ്ചിനുള്ളിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് വിശദീകരിച്ചു. പരിശോധനകൾ നടക്കാത്തതല്ല ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നതിനു പിന്നിലെന്നും, എല്ലാവരുടെയും സഹകരണത്തോടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശ്രമമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നതാണ് ഹൈജീൻ ആപ്പ്. ഈ ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ ചിത്രം മാറുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്.
കോട്ടയത്തെ ഭക്ഷ്യവിഷബാധ: നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ
പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു ഇതിലൊന്ന്. ഇതും ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് സർക്കാർ പറയുന്നത്.
ഇതുവരെ നാൽപ്പത്തിയെട്ടായിരത്തിനടുത്ത് പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. 1 .34 കോടി രൂപയ്ക്ക് മീതെ പിഴയീടാക്കി. 3,244 കേസുകൾ തീർപ്പാക്കി. ഈ കണക്കുകൾ നിരത്തിയാണ് കോട്ടയത്തെ മരണത്തോടെ വീണ്ടും ശക്തമായ വിമർശനങ്ങളെ വകുപ്പ് പ്രതിരോധിക്കുന്നത്. പരിശോധന മാത്രം മതിയാകില്ലെന്ന മറുപടിയും. റേറ്റിങ് അടിസ്ഥാനത്തിൽ ഹൈജീൻ ആപ്പിന് കീഴിലേക്ക് വരാൻ എത്ര ഹോട്ടലുകൾ തയാറാകുമെന്നത് കൂടി സംരംഭത്തിന്റെ വിജയത്തിൽ നിർണായകമാവുമെന്നുറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam