പി.എം സൂര്യഘർ പദ്ധതിയിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്; അപേക്ഷ നൽകിയവരിൽ 55 ശതമാനം പേരും പ്ലാന്റ് സ്ഥാപിച്ചു

Published : Nov 08, 2024, 10:02 PM IST
പി.എം സൂര്യഘർ പദ്ധതിയിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്; അപേക്ഷ നൽകിയവരിൽ 55 ശതമാനം പേരും പ്ലാന്റ് സ്ഥാപിച്ചു

Synopsis

ഒരു കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ 30,000 രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന്  മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്‍സിഡി നൽകുന്ന പദ്ധതിയാണ് പിഎം സൂര്യഘർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. കേന്ദ്ര സർക്കാരും  റിന്യൂവബിൾ എനർജി കോർപ്പറേഷനും ചേർന്ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. ഉപഭോക്താക്കളുടെ  ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ  നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്താണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

കെഎസ്ഇബി ആണ് കേരളത്തിൽ പി.എം സൂര്യഘർ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 13-ാം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ  തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ  ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 മെഗാവാട്ട് വൈദ്യുതി  ഉത്പാദിപ്പിക്കാനാകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്‍സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. 

കെഎസ്‍ഇ‍ബി‍യുടെ നിതാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ 30,000 രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന്  മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്‍സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ‍വാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വിൽക്കാനാകും. 885 വെണ്ടർമാരെ പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്‍ഇ‍ബി എം-പാനൽ ചെയ്തു കഴിഞ്ഞു. 

വിതരണ ട്രാൻസ്‍ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. ഏഴ് ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു. ആകെ  ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, അതുകൊണ്ടുതന്നെ പി.എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ്  പ്രതീക്ഷിയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്