വിചാരണത്തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

By Web TeamFirst Published Mar 30, 2020, 1:16 PM IST
Highlights

ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. എന്നാൽ സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാലജാമ്യത്തിന് അര്‍ഹതയില്ല . 

കൊച്ചി: രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിചാരണത്തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയിൽ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാലജാമ്യത്തിന് അര്‍ഹതയില്ല . 

കർശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നി‍‌‌‌ർദ്ദേശങ്ങൾ ക‌ർശനമായി പാലിക്കണം. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണക്കോടതി തീരുമാനം എടുക്കും. 

കേരളത്തിലെ ജയിൽ സൂപ്രണ്ടുമാർ കോടതി ഉത്തരവ് അനുസരിച്ച് അർഹരായ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹൈക്കോടതി നി‌‌‌ർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഏപ്രിൽ 30 വരെയാണ് ജാമ്യമെങ്കിലും ലോക്ക് ഡൗൺ കാലാവധി നീളുകയാണെങ്കിൽ ഇതിനനുസരിച്ച് ജാമ്യ കാലാവധിയും നീട്ടും. 

click me!