കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജം: രണ്ടായിരം കേന്ദ്രങ്ങളിൽ വാക്സിൻ നൽകും

By Web TeamFirst Published Dec 31, 2020, 3:28 PM IST
Highlights

വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജം. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു. 

വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു . ഇതിന്‍റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളില്‍ 2 ദിവസം വരെ വാക്സിൻ വാക്സിൻ സുരക്ഷിതമായിരിക്കും.

വാക്സിൻ കൊണ്ടുപോകാൻ 1800 കാരിയറുകൾ,വലുതും ചെറുതുമായ 100 കോൾഡ് ബോക്സുകൾ. ശീതീകരണ സംവിധാനത്തിൽ നിന്ന് പുറത്തെടുത്താലും വാക്സിന്‍റെ ഊഷ്മാവ് നിലനിര്‍ത്താൻ ഉപയോഗിക്കുന്ന ഐസ് പാക്കുകൾ 12000 ഇത്രയും സംവിധാനങ്ങള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ ഉപയോഗിക്കാനുള്ള 17 ലക്ഷം സിറിഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളിലെത്തും.

വാക്സിൻ വിതരണത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ , കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ 2000ത്തിലേറെ ആശുപത്രികള്‍ ശീതീകരണ ശൃഖംലകളുണ്ടാവും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിൻ നല്‍കുക . സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങൾ ഇതിനോടകം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ് .

click me!